തിരുവനന്തപുരം– കേരളം എൽഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നൽകിയിട്ടും അക്രമവും അഴിമതിയുമാണ് അവർ തിരികെ നൽകിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയില്ലാതെ വികസിത കേരളം സാധ്യമാകില്ലായെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ തഴച്ചുവളർന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പിഎഫ്ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരെടുത്തത് എന്നും അമിത് ഷാ ചോദിച്ചു. മാറ്റം വേണമെങ്കിൽ ബിജെപിയെ വിജയിപ്പിക്കണം. 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും. സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നു. ബിജെപിയില്ലാതെ വികസിത കേരളം സാധ്യമാകില്ല. തദേശ തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനം വോട്ട് നേടുമെന്നും മന്ത്രി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി.
പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും അളിയനും അളിയനുമാണ്. കോൺഗ്രസ് അടച്ചുപൂട്ടാൻ പോകുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.