നോളജ് സിറ്റി(കോഴിക്കോട്): കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സംരംഭമായ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ വെഞ്ചര്‍ വില്ലേജ് ഓഫ് ഫിന്‍ലാന്റുമായി സഹകരിച്ച് നൂതന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സ്വകാര്യ സ്‌കൂളുകളെയും ഈ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന തരത്തിലാണ് പദ്ധതികളാവിഷ്‌കരിക്കുന്നത്. കൈതപ്പൊയില്‍ മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുല്‍ സലാം മുഹമ്മദ് പദ്ധതി പ്രഖ്യാപനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിസ്ഥിതി അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിരത വളര്‍ത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ പുതിയ സഹകരണത്തിന് കീഴില്‍ സംസ്ഥാനത്തുടനീളമുള്ള വിവിധ സ്‌കൂളുകളില്‍ അത്യാധുനിക വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നതിന് വെഞ്ചര്‍ വില്ലേജ് മര്‍കസ് നോളജ് സിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വെഞ്ചര്‍ വില്ലേജിന്റെ വൈദഗ്ധ്യവും യൂറോപ്യന്‍ ഗവേഷകരുമായും സ്ഥാപനങ്ങളുമായുമുള്ള സഹകരണവും നൂതന വിദ്യാഭ്യാസ ഉള്ളടക്കം വികസിപ്പിക്കുന്നത്തിന് സഹായകമാകുമെന്നു അദ്ദേഹം വ്യക്തമാക്കി. മ്യൂണിക്കിലെ മാക്‌സ് പ്ലാന്‍ഗ് സൊസൈറ്റി, ഓസ്ട്രിയയിലെ ഇന്‍സ്ബ്രൂക്ക് യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണമാണ് ലഭ്യമാകുന്നത്.
മര്‍കസ് നോളജ് സിറ്റി അതിന്റെ വിപുലമായ സ്‌കൂളുകളുടെ ശൃംഖലയെ ഈ ഈ പദ്ധതിയുടെ ഭാഗമാക്കിക്കൊണ്ട് കേരളത്തിലെ ഏകദേശം 2,500 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിരമായ ഭാവിക്കായി അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും ആവശ്യമായ അറിവും വൈദഗ്ധ്യവും വിദ്യാര്‍ത്ഥികളില്‍ സജ്ജമാക്കാന്‍ ഈയൊരു പദ്ധതി കൊണ്ട് സാധ്യമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജനീവ യു എന്‍ അസംബ്ലിയില്‍ പ്രബന്ധം അവതരിപ്പിച്ച ഡോ. അബ്ദുസാലാം അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
ചടങ്ങില്‍ വെഞ്ചര്‍ വില്ലേജ് ഓഫ് ഫിന്‍ല്ലാന്റ് ഇന്ത്യ സഹസ്ഥാപകന്‍ ഉണ്ണികൃഷ്ണന്‍ ശ്രീധരന്‍ കുറുപ്പ്, യു എന്‍ യൂത്ത് ചാമ്പ്യന്‍ ലിന അല്ലം അഹമ്മദ്, അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലി അബ്ദുറഹ്‌മാന്‍, ഡയറക്ടര്‍മാരായ മുഹമ്മദ് അഹ്‌മദ് കലങ്ങാടന്‍, സൈദ് ഫസല്‍, പ്രിന്‍സിപ്പല്‍ കെ ടി ഷാനവാസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അബ്ദു സലിം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഘ തുടങ്ങിയവര്‍ പ്രസംഗിച്ചു.