കല്‍പ്പറ്റ: ദുരന്തബാധിതര്‍ക്കിടയില്‍ കരുണയുടെ കരങ്ങളുമായി എ.കെ.സി.സി മാനന്തവാടി രൂപത സമിതി. മേപ്പാടി ഗവ.എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് എകെസിസിയുടെ സേവനം. ഉരുള്‍പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു രക്ഷപ്പെടുത്തിയതില്‍ 300ല്‍പരം ആളുകളാണ് ഈ ക്യാമ്പില്‍. നെഞ്ചകം നിറയെ വ്യഥയുമായി ക്യാമ്പില്‍ കഴിയുന്നവര്‍ക്കു ഭക്ഷണം വച്ചും വിളമ്പിയുമാണ് എകെസിസിയുടെ ദുരിതാശ്വാസം. ക്യാമ്പില്‍ ഇന്നും നാളെയും ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ഉത്തരവാദിത്തമാണ് എകെസിസി ഏറ്റെടുടുത്തത്.
സ്ത്രീകള്‍ അടക്കം എകെസിസിയിലെ 40 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ സേവനം ചെയ്യുന്നത്. കെസിവൈഎം, മിഷന്‍ ലീഗ് പ്രവര്‍ത്തകരായ 20 ഓളം പേര്‍ ഇവരുമായി സഹകരിക്കുന്നുണ്ട്. എകെസിസി ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ഡോ.കെ.പി. സാജു, രൂപത ഡയറക്ടര്‍ ഫാ.ജോബിന്‍ മുക്കാട്ടുകാവുങ്കല്‍, പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് ലൗലി ജോസഫ്, നടവയല്‍ ഫൊറോന സെക്രട്ടറി സജി ഇരട്ടമുണ്ടയ്ക്കല്‍, നടവയല്‍ യൂണിറ്റ് സെക്രട്ടറി സ്മിത ലിജോ, കെസിവൈഎം രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാത്തടത്തില്‍, മിഷന്‍ ലീഗ് രൂപത പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കുന്നതും വിതരണം ചെയ്യുന്നതും.
രാവിലെ ആറിന് ചായ, എട്ടിന് പ്രാതല്‍, 10.30ന് ചായ, 12.30ന് ഉച്ചഭക്ഷണം, വൈകുന്നേരം നാലിന് ചായ-സ്‌നാക്, രാത്രി ഏഴിന് അത്താഴം എന്നിങ്ങനെയാണ് ക്യാമ്പില്‍ ഭക്ഷണ വിതരണം. പാചകം ചെയ്യുന്നതിനുള്ള അരിയും പൊടിയും ഉള്‍പ്പെടെ സാധനങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ക്യാമ്പില്‍ എത്തുന്നത്. 40,000 രൂപയാണ് ക്യാമ്പില്‍ ഒരു ദിവസത്തെ ഭക്ഷണച്ചെലവ് കണക്കാക്കുന്നതെന്ന് എകെസിസി രൂപത പ്രസിഡന്റ് പറഞ്ഞു. എകെസിസി ഗ്ലോബല്‍ സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസുകുട്ടി ജെ. ഒഴുകയില്‍, സെക്രട്ടറിമാരായ ബെന്നി ആന്റണി, രാജേഷ് ജോണ്‍ എന്നിവര്‍ ഇന്നലെ ഗവ.എല്‍പി സ്‌കൂളിലേതടക്കം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.