മലപ്പുറം- തന്റെ മകന്റെ നിക്കാഹിന് മഹറായി നൽകിയത് മ്യൂച്ചൽ ഫണ്ടുകളിലെ ഓഹരികൾ അല്ലെന്നും സ്റ്റോക്ക് ഓഹരികളാണെന്നും പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായ എം.എം അക്ബർ. മകൻ ഫാർസിന്ദ് അക്ബർ നൽകിയ മഹ്‌റുമായി ബന്ധപ്പെട്ട ചർച്ചകളിലെ തെറ്റിദ്ധാരണകൾ നീക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ അക്ബർ പറഞ്ഞു.
ചർച്ചകളിലെ വിമർശനങ്ങളുടെ കാതൽ ടാറ്റ എത്തിക്കൽ ഫണ്ടുമായി ബന്ധപ്പെട്ടാണ് എന്നാണ് മനസ്സിലാകുന്നതെന്നും മഹ്ർ നൽകിയത് ഏതെങ്കിലും മ്യൂച്ചൽ ഫണ്ടുകളിലെ ഓഹരികൾ അല്ലെന്നും സ്റ്റോക്ക് ഓഹരികൾ ആണെന്നും അക്ബർ പറഞ്ഞു. ടാറ്റ എത്തിക്കൽ ഫണ്ടുമായി ഞങ്ങളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും ബന്ധപ്പെടാൻ താല്പര്യവുമില്ല. ടാറ്റ സ്റ്റോക്കുകൾ നിക്ഷേപ്പിക്കുന്ന കമ്പനികളുടെ ക്രയവിക്രയങ്ങൾ മുഴുവനായി ഇസ്ലാമികമെന്ന് പറയാൻ പറ്റുന്നവയാണോ എന്ന സംശയം തന്നെയാണ് ഈ വിട്ടുനിൽക്കലിന് കാരണം. അഗാധമായ പഠനത്തിന് ശേഷമുള്ള ഒരു വിലയിരുത്തലൊന്നുമല്ല ഇത്. അനുവദനീയമാണോ, അല്ലയോ എന്ന് സംശയിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് നല്ലതെന്ന പ്രവാചകനിർദേശം പാലിക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണിത്.
നിലവിൽ ഹലാൽ(അനുവദനീയം) എന്ന രീതിയിൽ അറിയപ്പെടുന്ന സ്റ്റോക്കുകളെക്കുറിച്ച് പഠിക്കുകയും അവയിൽ ഏറ്റവുമധികം വിശ്വസനീയവും ലാഭസാധ്യതയുള്ളതുമേതാണെന്ന് മനസ്സിലാക്കുകയും ചെയ്തശേഷം നല്ലതെന്ന് തോന്നിയ നാല് കമ്പനികളുടെ 614 സ്റ്റോക്കുകളാണ് മകൻ അവന്റെ വിവാഹത്തിന് മഹ്റായി നൽകിയത്.
ഹ്യൂണ്ടായി മോട്ടേഴ്സ്, നാവ ലിമിറ്റഡ്, ഗോഡ്റേജ് ആഗ്രവേറ്റ്, ജൻസിസ് ഇന്റർനാഷണൽ എന്നീ കമ്പനികളുടെ ക്രയവിക്രയങ്ങൾ പരിശോധിച്ചപ്പോൾ അവ ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് മനസ്സിലായി. അതിനാലാണ് അവയിൽ നിന്നുള്ള ഓഹരികൾ വാങ്ങാമെന്ന് തീരുമാനിച്ചത്. എപ്പോഴെങ്കിലും ഈ കമ്പനികൾ ഹറാമായ ക്രയവിക്രയങ്ങളിലേക്ക് കടക്കുകയാണെങ്കിൽ അവ പരിശോധിക്കുവാനും നിക്ഷേപം പിൻവലിക്കാനുമെല്ലാം ഉള്ള സൗകര്യങ്ങൾ ഓൺലൈനിൽ തന്നെ ലഭ്യമായ ഇക്കാലത്ത് ശ്രദ്ധിച്ച് കൈകാര്യം ചെയ്യുകയാണെങ്കിൽ സമ്പാദ്യത്തിലേക്ക് ഹറാം കടന്നുവരാനുള്ള സാധ്യത തുലോം വിരളമാണെന്ന് കൂടി മനസ്സിലാക്കിക്കൊണ്ടുള്ളതാണ് ഈ കാൽവെപ്പ്.
സ്വർണ്ണാഭരണങ്ങൾ തെറ്റാണെന്ന് കരുതുകയോ അവ മഹ്റായി നൽകുന്നതിനെ വില കുറച്ച് കാണുകയോ ചെയ്യുന്നതിന് വേണ്ടിയുള്ളതല്ല ഈ നടപടി. മഹ്ർ ചോദിക്കാനുള്ള അവകാശം വിവാഹിതയാകുന്ന വനിതാക്കാണ്. ആഭരണങ്ങളോട് താല്പര്യമില്ലാതെയാണ് വളർത്തപ്പെട്ടത് എന്നതിനാൽ മിൻഹാ ഹബീബ് പറഞ്ഞത് സ്വർണ്ണാഭരങ്ങളല്ലാതെ മറ്റെന്ത് നൽകിയാലും അവൾക്ക് സമ്മതമാണ് എന്നാണ്. അങ്ങനെയാണ് വിവാഹിതനാകുന്ന മകനും അവളുടെ പിതാവ് ഹബീബുറഹ്‌മാനുമായി കൂടിയാലോചിച്ച് സ്റ്റോക്ക് ഓഹരികൾ മഹ്റായി നൽകാൻ തീരുമാനിച്ചത്. അവളുടെ ഇഷ്ടം പരിഗണിക്കുക മാത്രമാണ് ഇക്കാര്യത്തിൽ ഞങ്ങൾ ചെയ്തത്. ഒപ്പം ജീവിതത്തിന്റെ മറ്റ് രംഗങ്ങളിലേത് പോലെ ഹറാമായ ക്രയവിക്രയങ്ങൾ കടന്ന് വരാതിരിക്കുവാനാവശ്യമായ പരമാവധി മുൻകരുതലുകൾ എടുക്കുകയും ചെയ്യുകയായിരുന്നുവെന്നും അക്ബർ വ്യക്തമാക്കി.