മലപ്പുറം- വേങ്ങരയിൽ മകൻ കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിന് വെട്ടേറ്റു. വേങ്ങര സ്വദേശി അബ്ദുൽ കലാമും മകൻ സത്താറും കുടുംബവും ചേർന്നാണ് ഇവരെ മർദിച്ചത്.
ഒന്നര വർഷം മുമ്പ് സത്താറിന് മുഹമ്മദ് ബഷീർ പണം നൽകിയിരുന്നു. ഈ പണം ഇതേവരെ തിരിച്ചുനൽകിയിട്ടില്ല. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയില്ല. പണം ചോദിക്കുമ്പോഴെല്ലാം ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബഷീർ കുടുംബത്തെയും കൂട്ടി സത്താറിന്റെ വീട്ടിന് മുന്നിലെത്തി പ്രതിഷേധിച്ചു. വീടിന് മുന്നിൽ ബാനർ വെച്ചായിരുന്നു പ്രതിഷേധം. തുടർന്ന് സത്താറും അബ്ദുൽ കലാമും എത്തി മർദ്ദിക്കുകയായിരുന്നു. ബിസിനസ് ആവശ്യത്തിനായി ഏകദേശം 23 ലക്ഷം രൂപയോളം സത്താറിന് ബഷീർ നൽകിയിരുന്നു. ഇരുവരും അയൽവാസികളുമാണ്.