ആലപ്പുഴ : കിടപ്പുരോഗിയായ ഭാര്യയെയും മുറിയിൽ ഉറങ്ങുകയായിരുന്ന മകനെയും പെട്രോൾ ഒഴിച്ചു തീവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ആര്യാട് പഞ്ചായത്ത് 10ാം വാർഡ് തേവൻ കോട് വീട്ടിൽ ശ്രീകണ്ഠൻ നായർ (77) ആണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ഭാര്യ ഓമന(74) , മകൻ ഉണ്ണി(42) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യാട് പള്ളിമുക്ക് ജംക്ഷനു സമീപമാണ് സംഭവം.
നേരത്തെ ആലപ്പുഴയിലെ ഹോട്ടൽ ജീവനക്കാരനായിരുന്ന ശ്രീകണ്ഠൻ നായർ കഴിഞ്ഞ കുറെ കാലമായി ജോലിക്ക് പോയിരുന്നില്ല. കാലിൽ മുറിവേറ്റ് അണുബാധ ഉണ്ടായതിനെ തുടർന്ന് ഓമന മൂന്നു മാസമായി കിടപ്പിലാണ്. ഭാര്യയും മക്കളുമായി നിരന്തരമായി വഴക്കടിച്ചിരുന്ന ശ്രീകണ്ഠൻ നായർ വ്യാഴാഴ്ചയും വീട്ടിൽ വഴക്കടിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ ഇളയ മകൻ ഉണ്ണി ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയിരുന്നു. പുലർച്ചെ ഉണ്ണി ഉറങ്ങുന്ന മുറിയുടെ ജനാല തകർത്ത ശേഷം പുറത്തു നിന്ന് അകത്തേക്ക് പെട്രോൾ ഒഴിച്ച് തീ വച്ചു. തുടർന്നാണ് വീടിൻ്റെ അടുക്കള ഭാഗത്തോട് ചേർന്നുള്ള മുറിയിൽ എത്തി ഭാര്യ കിടന്നിരുന്ന കട്ടിലിലേക്ക് പെട്രോൾ ഒഴിച്ച് തീ വച്ചത്. ഈ സമയം ഉണ്ണി ശ്രീകണ്ഠൻ നായരെ മുറിയിൽ പിടിച്ച് പൂട്ടിയിട്ടു. തുടർന്ന് അമ്മയെ രക്ഷിക്കാൻ ശ്രമം നടത്തുകയായിരുന്നു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലായിരുന്ന ഓമനയ്ക്ക് 50 ശതമാനത്തോളം പൊള്ളലുണ്ട്. പ്ലാസ്റ്റിക് ഉപയോഗിച്ചാണ് വീടിൻ്റെ സീലിങ്ങിന് ചെയ്തിരുന്നത്. ഇത് കത്തി ഓമനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഈ സമയം മുറിക്കുള്ളിലെ ഫാനിൽ കയർ കുരുക്കിയ ശേഷം ശ്രീകണ്ഠൻ നായർ തൂങ്ങിമരിക്കുകയായിരുന്നു. ഈ വീടിനു സമീപം തന്നെ മൂത്ത മകൻ കണ്ണനും താമസിക്കുന്നുണ്ട്. ബഹളം കേട്ടാണ് കണ്ണനും ഓടിയെത്തിയത്. തുടർന്ന് ആലപ്പുഴയിൽ നിന്ന് അഗ്നിശമ സേന എത്തി തീയണയ്ക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉണ്ണിയെയും, ഓമനയെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.