തിരുവന്തപുരം– ജൂനിയര്‍ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച് കേസിലെ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍. മെയ് 27 വരെയാണ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. അഡ്വ. ശ്യാമിലി ജസ്റ്റിനെയാണ് ഇദ്ദേഹം മര്‍ദിച്ചത്. ബെയ്‌ലിന്റെ ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം കേട്ടശേഷം കോടതി വിധി നാളത്തേക്ക് മാറ്റി. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ മെയ് 15ന് വൈകിട്ട് 6.30നാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന്‍ കടവില്‍ നിന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന ബെയ്‌ലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലാകുന്ന സമയത്ത് ഇയാളുടെ ബന്ധു കൂടി കാറില്‍ ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവിനെ വിട്ടയക്കുകയും ബെയ്‌ലിന്‍ ദാസിനെ വഞ്ചിയൂര്‍ പോലീസിന് കൈമാറി രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഒളിവിലായിരുന്ന പ്രതിയുടെ വാഹന നമ്പര്‍ കേന്ദ്രീകരിച്ച അന്യേഷണത്തിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പോലീസും പ്രതിയെ പിടികൂടിയത്. വാഹനങ്ങള്‍ മാറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതി കഴക്കൂട്ടം ഭാഗത്ത് കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ കുരുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ബെയ്‌ലിന്‍ ക്രൂരമായി മര്‍ദിച്ചത്.