കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിജു ആന്റണി ആളൂർ എന്ന അഡ്വ. ബി.എ ആളൂർ(53) അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയവെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ്.
സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് ഉൾപ്പെടെ ഒട്ടേറെ വിവാദ കേസുകളിൽ പ്രതികൾക്കുവേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബി.എ ആളൂർ എന്ന അഭിഭാഷകനെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.
ഇലന്തൂർ ഇരട്ട ബലിക്കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി ജിഷ കൊലക്കേസ്, വിഷക്കഷായത്തിലൂടെ ഡിഗ്രി വിദ്യാർത്ഥിയെ കൊന്ന ഗ്രീഷ്മയുടേതടക്കമുള്ള വിവിധ കേസുകളിൽ അദ്ദേഹം പ്രതികൾക്കായി രംഗത്തുവന്നു.
കോഴിക്കോട് കൂടത്തായി കുടുംബ കൊലപാതക പരമ്പരയിൽ പ്രതി ജോളി ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കോളിളക്കം സൃഷ്ടിച്ച ആദ്യഘട്ടത്തിൽ പ്രതി പൾസർ സുനിയുടെ അഭിഭാഷകനായുമെല്ലാം ഇദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.