തിരുവനന്തപുരം– എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടണമെന്ന കുടുംബത്തിന്റ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ വിജ്ഞാപനം ഉടൻ ഇറക്കും. നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. മരണത്തിൽ ദുരൂഹതയില്ല എന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ച പോലീസ് അന്വേഷണത്തിനെതിരെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കേസിലെ ഏക പ്രതി കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി പി ദിവ്യയാണ്. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്.
പോലീസ് അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കുടുംബം നേരത്തെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബാബുവിന്റെ ഭാര്യ മഞ്ജുഷ ആരോപിച്ചിരുന്നു. മാത്രമല്ല പി പി ദിവ്യയുടെ ഫോൺ കോൾ ലിസ്റ്റുകൾ ഉൾപ്പെടെയുള്ള കുറ്റപത്രത്തിൽ കുടുംബം ചൂണ്ടിക്കാട്ടി.
2024 ഒക്ടോബർ 15ന് കണ്ണൂർ പള്ളിക്കുന്നിലെ വാടക ക്വാർട്ടേഴ്സിലാണ് നിവിൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്ന ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്ന് കുടുംബം പറയുന്നത്.



