- കലക്ടറുടെ വാക്കുകൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹവുമായി ഭർത്താവിന് ആത്മബന്ധമില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ. കലക്ടർ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കണ്ണൂർ/പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ജയിലിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കും, നടപടി എടുക്കാൻ അറച്ചുനിൽക്കുന്ന പാർട്ടി കണ്ണൂർ ഘടകത്തിനുമെതിരേ രൂക്ഷ വിമർശവുമായി സി.പി.എം നേതാവ് മലയാലപ്പുഴ മോഹനൻ.
പി.പി ദിവ്യ തങ്ങളുടെ പാർട്ടി ഘടകത്തിൽ ആയിരുന്നെങ്കിൽ സംഘടനാ നടപടി ഉറപ്പായിരുന്നു. നടപടിയിൽ വിട്ടുവീഴ്ചയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. പാർട്ടി കണ്ണൂർ ഘടകത്തിലുള്ള ദിവ്യക്കെതിരെ തങ്ങൾക്ക് സംഘടനാ നടപടി എടുക്കാൻ സാധിക്കില്ല. അത് കണ്ണൂർ ഘടകത്തിന് മാത്രമേ സാധിക്കൂ. ഇനി അതല്ലെങ്കിൽ കേന്ദ്ര കമ്മിറ്റിക്ക് വേണമെങ്കിൽ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി നടപടിക്ക് താഴോട്ട് നിർദേശം നൽകാം.
കേസിൽ അട്ടിമറി ഉണ്ടാകാതിരിക്കാനുള്ള നടപടി പാർട്ടി സംസ്ഥാന നേതൃത്വം സ്വീകരിക്കണം. താൻ ചെറിയ നേതാവായതിനാലാണ് രോഷത്തോടെ സംസാരിക്കുന്നത്. സംസ്ഥാന നേതാക്കൾ സംയമനത്തോടേ സംസാരിക്കൂ. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റവാളികൾ പാർട്ടിക്കുള്ളിൽ ഉള്ളവരാണെങ്കിൽ സംഘടനാ നടപടി വേണം. പാർട്ടിക്ക് പുറത്തുള്ളവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഇതുവരെ പറഞ്ഞ പലതും കള്ളമാണെന്നും മോഹനൻ പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. പി.പി ദിവ്യ മാത്രമല്ല മറ്റു ചില കക്ഷികളും നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലുണ്ട്. ഒരു ദിവ്യയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യമല്ല ഇത്. കണ്ണൂർ കലക്ടർ പോകുന്ന വഴിക്ക് ഒരു കത്ത് എഴുതി. ഇപ്പോൾ പറയുന്ന കഥ ഉണ്ടാക്കാനാണ് അന്ന് അങ്ങനെ ഒരു കത്ത് എഴുതിയത്. നവീൻ ബാബുവിന്റെ മൃതദേഹത്തോടൊപ്പം വന്ന കലക്ടറോട് വീട്ടിൽ കയറണ്ട എന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതിന് കൃത്യമായ കാരണമുണ്ടെന്നും മോഹനൻ പറഞ്ഞു.
കേസിൽ അട്ടിമറി നടന്നാൽ നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഏതറ്റം വരെയും പോകും. പി പി ദിവ്യയോടൊപ്പം ചില കൂട്ടാളികൾ ഉണ്ട്. ഇതുവരെയുള്ള രേഖകൾ പരിശോധിച്ചാൽ അത് മനസിലാകും. അരിയാഹാരം കഴിക്കുന്നവരാണ് നമ്മളെല്ലാവരും. നവീൻ ബാബുവിന്റെ പാന്റും മറ്റ് തുണികളുമെല്ലാം എവിടെയാണ്? നവീൻ ബാബു റൂമിന്റെ വാതിൽ എങ്ങനെ തുറന്നു? പുലർച്ചെ ഡ്രൈവർ എന്തിനാണ് നവീൻ ബാബുവിന്റെ റൂമിൽ പോയത്? ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാകരുതെന്നും പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തേണ്ട എന്ന കുടുംബാംഗങ്ങളുടെ അഭ്യർത്ഥന കലക്ടർ മാനിക്കേണ്ടതായിരുന്നുവെന്നും സി.പി.എം നേതാവ് വ്യക്തമാക്കി.
അതിനിടെ, കലക്ടറുടെ വാക്കുകൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹവുമായി ഭർത്താവിന് ആത്മബന്ധമില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ പ്രതികരിച്ചു. കലക്ടർ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു.