കൊച്ചി– നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാൻ ഹൈകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ജില്ല ജുഡീഷ്യറിയുടെ രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.
വിചാരണ വൈകുന്നതിനെതിരെ ഹൈകോടതിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ വാഹനത്തിൽ വെച്ച് നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പ്രതികളുണ്ട്. എട്ടാം പ്രതിയാണ് ദിലീപ്. ഒന്നാം പ്രതിയായ പൾസർ സുനി 2024 സെപ്റ്റംബറിൽ ഏഴ് മാസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങി. രണ്ട് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.
നേരത്തെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈകോടതിയുടെ സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ തള്ളിയിരുന്നു. പൾസർ സുനിയുടെ, രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. കൂടാതെ, അതിജീവിതയുടെ, അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന ഹർജിയും കോടതി തള്ളിയിരുന്നു.