കൊച്ചി – നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, നിരപരാധിയാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന പണം കൊണ്ടാണ് വൃദ്ധരായ അച്ഛനും അമ്മയും കഴിയുന്നതെന്നും മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പൾസർ സുനി പറഞ്ഞത്.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. എല്ലാ പ്രതികൾക്കും ഒരേപോലെ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജഡ്ജ് ഹണി എം വർഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് ജഡ്ജ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി അനുസരിച്ചുള്ള കടുത്ത നടപടി ഉണ്ടാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.



