കൊല്ലം: നടനും താരസംഘടനയായ അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി.പി മാധവൻ (86) അന്തരിച്ചു. കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഏറെ നാളായി വാർധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്ന അദ്ദേഹത്തെ കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉദര ശസ്ത്രക്രിയയ്ക്കു പിന്നാലെ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. അറുനൂറിധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പി.ആർ പ്രവർത്തകനായും പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.
എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. 2015-ലെ ഹരിദ്വാർ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന നടനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചിരുന്നത്. ഇവിടെ നിന്ന് ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവൻ അഭിനയിച്ചിരുന്നു. പിന്നീട് മറവി രോഗം ബാധിച്ചു.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി പിള്ളയുടെ മകനാണ് ടി.പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ജന്മദേശം.