കൊച്ചി: ഹോട്ടൽ മുറിയിലെ പോലീസ് പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് ലഹരിവിരുദ്ധ സ്വാഡായ ഡാൻസാഫ് സംഘം ഹോട്ടലിൽ എത്തിയത്.
കലൂരിലുള്ള പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലെ പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മൂന്നാംനിലയിലെ റൂമിലെ ജനൽ വഴി ഷൈൻ രണ്ടാംനിലയിലെ ഷീറ്റിന് മുകളിലൂടെ സ്വിമ്മിങ് പൂളിലേക്ക് ചാടി തുടർന്ന് സ്റ്റെയർകെയ്‌സ് വഴിയാണ് രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘോതത്തിൽ ഷീറ്റ് പൊട്ടിയിട്ടുണ്ട്. റൂമിലെ പരിശോധനയിൽ ലഹരി വസ്ത്തുക്കൾ ഒന്നും കണ്ടെത്താനായില്ല.
റെയ്ഡിനെക്കുറിച്ച് നടന് മുൻകൂട്ടി വിവരം ലഭിച്ചുവെന്നാണ് കരുതുന്നത്. വിവരം ചോർന്നത് എങ്ങനെയെന്നും പോലീസ് പരിശോധിക്കും.
‘സൂത്രവാക്യം’ സിനിമ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നടി ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പോലീസ് റെയ്ഡുണ്ടായത്.
പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. നടിക്കു പിന്തുണയുമായി അമ്മ താരസംഘടനയും പൊതുസമൂഹവും രംഗത്തെത്തിയിട്ടുണ്ട്.