തിരുവനന്തപുരം/കൽപ്പറ്റ: സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടൻ ഇന്ദ്രൻസ്. 500-ൽ 297 മാർക്ക് നേടിയാണ് ഇന്ദ്രൻസ് വിജയിച്ചത്.
ഫലമറിയുമ്പോൾ വയനാട്ടിൽ ഷൂട്ടിങ് തിരക്കിലായിരുന്ന താരം വിജയത്തിൽ സന്തോഷം അറിയിച്ചു.
അതിനിടെ, 68ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി പാസായ നടനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. ഫെയ്‌സ്ബുക്കിൽ നടന്റെ ചിത്രവും കുറിപ്പും പങ്കുവെച്ചാണ് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്.
‘അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് വിജയിച്ചു. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ’ എന്നാണ് മന്ത്രി കുറിച്ചത്.
പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്‌നമല്ലെന്ന് തെളിയിച്ച് ആഗസ്ത് 24-നാണ് ഇന്ദ്രൻസ് പരീക്ഷയെഴുതിയത്. രണ്ടു ദിവസമായി ആറ് വിഷയത്തിലായിരുന്നു പരീക്ഷ.
കുട്ടിക്കാലത്ത് കുടുംബ പ്രാരാബ്ധങ്ങളാൽ നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു. പിന്നീട് തയ്യൽ കടയിൽ ജോലിയുമായി മുന്നോട്ടു പോയി. ശേഷം വെള്ളിത്തരിയിലെത്തി മികച്ച നടനെന്ന പേരെടുത്തപ്പോഴും പാതിവഴിയിൽ മുടങ്ങിയ പഠനവഴിയിലേക്കു തിരിക്കണമെന്ന് മനസ്സ് പറഞ്ഞു. അങ്ങനെയാണ് ഏഴാംക്ലാസ് തുല്യതാ പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാൻ തീരുമാനിച്ചത്. ഇനി പത്താംതരം തുല്യതാ പരീക്ഷയിലും ഒരു കൈ നോക്കണമെന്നുണ്ടെന്നും എന്നാൽ അതത്ര എളുപ്പമാവില്ലെന്നും ഇന്ദ്രൻസ് പ്രതികരിച്ചു.