തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടത് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി മണക്കുന്നു. ഇന്നു നടന്ന ശബരിമല അവലോകന യോഗത്തിൽ ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനെ ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യോഗം നടന്നത്.
ഡി.ജി.പിയും ഇന്റലിജൻസ് ഹെഡ് ക്വാട്ടേഴ്‌സ് എ.ഡി.ജി.പിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. ആരോപണങ്ങളും വിവാദങ്ങളും പൊതിഞ്ഞുനിൽക്കുന്ന അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തിൽ നിന്ന് മാറ്റിനിർത്തിയത് വരാനിരിക്കുന്ന അച്ചടക്ക നടപടിയുടെ കൃത്യമായ സൂചനയാണെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാലമത്രയും സംരക്ഷണ കവചം തീർത്ത മുഖ്യമന്ത്രിക്കും അജിത് കുമാറിനെ കൈവിടേണ്ട നിർബന്ധിത സാഹചര്യമാണ് അന്വേഷണ റിപോർട്ട് കൈയിൽ ലഭിക്കും മുമ്പേ ഉണ്ടായിരിക്കുന്നത്.
പി.വി അൻവറും പ്രതിപക്ഷവും സി.പി.ഐയുമെല്ലാം എ.ഡി.ജി.പിക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ കൂസാതെ അന്വേഷണ റിപോർട്ടിന് കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവസാനം ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപോർട്ട് അഭ്യന്തര വകുപ്പിന്റെ വിളിപ്പാടെ അകലെ എത്തിയതോടെ തത്കാലം യോഗത്തിൽനിന്ന് മാറ്റിനിർത്തി മുഖം രക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി.