മലപ്പുറം: പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ പൊലീസ് കൊല്ലം ജില്ലയിൽ നിന്ന് കണ്ടെത്തി. മലപ്പുറം പൊലീസും കൊല്ലം ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷമീറിനെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഷമീറിനെ പാണ്ടിക്കാട്ടെ വീടിന് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച ഷമീറിന്റെ ഭാര്യയെ ഫോണിൽ വിളിച്ച സംഘം 1.6 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം തുടരുന്നതിനിടെ, കൊല്ലത്ത് നിന്ന് ഷമീറിനെ സുരക്ഷിതമായി കണ്ടെത്തിയതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടായി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും പൊലീസ് അറിയിച്ചു. ഗൾഫിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.