കല്‍പ്പറ്റ: ഉരുള്‍പൊട്ടി മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ പ്രകൃതിദുന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന വിമുഖത ധിക്കാരമാണെന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ആനി രാജ. ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
മറ്റുമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാത്തിരിക്കാതെ വയനാട് പ്രകൃതി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ അധികാരത്തിന്റെ മുഷ്‌ക്കാണ് കാണിക്കുന്നത്. കേന്ദ്ര നിലപാട് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഒരു സംസ്ഥാനത്തോടും ഇത്തരം സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ല. മുമ്പും പ്രകൃതിദുരന്തം ഉണ്ടായ പ്രദേശമാണ് മുണ്ടക്കൈ. അനുഭവങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊണ്ടും കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും പുനരധിവാസ പദ്ധതി തീരുമാനിക്കണം. പുനരധിവാസത്തിന് ആധുനിക രീതികള്‍ ഉപയോഗപ്പെടുത്തണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്കാലികമായി മാറ്റി പാര്‍പ്പിക്കുന്നതിന് പ്രീ ഫാബ്രിക്കേറ്റഡ് ഹൗസുകള്‍ നിര്‍മിക്കണം. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട കുട്ടികള്‍ക്കടക്കം ശാസ്ത്രീയ കൗണ്‍സലിംഗ് നല്‍കകണം. വിലപിക്കുന്ന കുരുന്നുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കാണാന്‍ കഴിഞ്ഞത്. കുട്ടികള്‍ക്ക് വിനോദത്തിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യം ഒരുക്കണം. സ്ഥിരം പുനരധിവാസത്തിനു നിക്ഷിപ്ത വനഭൂമി ഉപയോഗപ്പെടുത്തോമോ എന്ന് നോക്കണം. മുണ്ടക്കൈയിലും ചൂരല്‍മലയിലും മണ്ണുമൂടിയ പ്രദേശം വനം വകുപ്പിനു പകരം നല്‍കി വനത്തിലെ ഏകവിളത്തോട്ടങ്ങള്‍ പുനരധിവാസത്തിന് ഉപയോഗപ്പെടുത്താനുള്ള സാധ്യത ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. ഇക്കാര്യത്തില്‍ നിയമ-സാങ്കേതിക തടസം ഉണ്ടെങ്കില്‍ നീക്കണമെന്നും ആനി രാജ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു കൂടെ ഉണ്ടായിരുന്നു.