തൃശൂര്‍– നര്‍മം ചേര്‍ക്കാതെ അദ്ദേഹം പ്രസംഗിക്കാറുണ്ടായിരുന്നില്ല, എല്ലാവര്‍ക്കും പ്രിയപ്പെട്ടയാള്‍. അദ്ദേഹത്തിന്റെ നര്‍മ കഥകളില്‍ വൈദികരും ബിഷപ്പും ഇടവകക്കാരും കഥാപാത്രങ്ങളാണ്. അവരുടെ ചിരികളിലാണ് അദ്ദേഹം ഊര്‍ജം കണ്ടെത്തിയത്. ഉള്ളു തുറന്നു ചിരിക്കുന്ന മനുഷ്യന്മാരുള്ള ലോകം സ്വപ്‌നം കണ്ടിരുന്ന ദൈവദാസനായിരുന്നു ഡോ. മാര്‍ അപ്രേം. ഇന്നലെ രാവിലെ 10 മണിയോടടുത്താണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നു മേയ് 2നാണ് ചികിത്സക്കായി സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അസുഖം മൂര്‍ചിച്ഛതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.
എഴുത്തുകാരന്‍, നര്‍മ പ്രഭാഷകന്‍, ഗായകന്‍, എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ എല്ലാ സഭകളുടെയും സമുദായങ്ങളുടെയും അടുത്ത സുഹൃത്തായിരുന്നു മാര്‍ അപ്രേം. തൃശൂരിന്റെ പൗരോഹിത്യ-സംസ്‌കാരിക രംഗത്തെ അപൂര്‍വമ മുഖമായിരുന്ന ഇദ്ദേഹം എഴുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 54 വര്‍ഷം ആര്‍ച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചു. പരസ്പരം സ്‌നേഹിക്കുക സഹകരിക്കുക എന്ന സന്ദേശത്തില്‍ ജീവിച്ച ആധുനിക കാലത്തെ തികഞ്ഞ മനുഷ്യ സ്‌നേഹി. ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ മാര്‍ അപ്രോം സഭാ ചരിത്രത്തില്‍ വൈദ്ഗദ്യം നേടിയിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസിലാണ് ബിഷപ്പായി ചുമതലയേറ്റത്. അരനൂറ്റാണ്ടിലേറെ കല്‍ദായ സഭയെ നയിച്ചു.
പിന്നീട് പദവിയൊഴിഞ്ഞതോടെ പാത്രിയാര്‍ക്കല്‍ പ്രതിനിധിയായും വലിയ പിതാവായും സംസ്‌കാരിക നഗരത്തില്‍ തുടരവേയാണ് വിയോഗം. വിശുദ്ധ ഫലിതങ്ങള്‍, ബിഷപ്‌സ് ജോക്‌സ്, ലാഫ് വിത്ത് ദി ബിഷപ്, എന്നീ നര്‍മശേഖരങ്ങള്‍ അദ്ദേഹത്തിന്റെ വലിയ ശ്രദ്ധ നേടിയ രചനകളാണ്. നിരവധി കൃസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ഏവര്‍ക്കും സ്വീകാര്യനായിരുന്ന എളിമയുടെ പ്രതീകമാണ് ഇദ്ദേഹമെന്ന് ഡോ. തോമസ് മാര്‍ തീത്തോമസ് അദ്ദേഹത്തെ വിശേഷിപ്പിച്ചു. എല്ലാവര്‍ക്കും ദാസനാവുകയെന്ന ക്രിസ്തുവിന്റെ വാക്കുകളാണ് മാര്‍ അപ്രേമിന്റെ വഴികാട്ടി.