മാധ്യമപ്രവർത്തകനും കണ്ണൂരിലെ പയ്യന്നൂർ സ്വദേശിയുമായ എ.എം ഹസ്സൻ പങ്കുവെച്ച കുറിപ്പ്.
എ.എം.ഹസ്സൻ ആയ ഞാൻ എം.എം.ഹസ്സൻ ആയി ധരിക്കപ്പെടുന്നത് ആദ്യ സംഭവമല്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടിയെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പിനും അങ്ങനെ ‘ആൾമാറാട്ടം’ സംഭവിച്ചു. അനുസ്മരണക്കുറിപ്പിൻറെ ‘പ്രഭവകേന്ദ്രം’ ഫെയ്സ് ബുക്കിലാണ്. ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചോട്ടേയെന്ന് വെബ്പോർട്ടലിൽ നിന്നും സുഹൃത്ത് വിളിച്ചുചോദിക്കുന്നു. സമ്മതം നൽകിയതനുസരിച്ച് ‘പരിസ്ഥിതിയെ പ്രണയിച്ച പച്ചപ്പടയാളി’ എന്ന തലക്കെട്ടുമായി അവർ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.
നേരം വെളുത്തപ്പോൾ സുഹൃത്ത് എസ്.എൽ.പി പി മുഹമ്മദ് കുഞ്ഞിയുടെ വാട്സാപ്പ് സന്ദേശം. അതേ കുറിപ്പ് ദ് മലയാളം ന്യൂസ് സൈറ്റിലും വന്നിരിക്കുന്നു. ലേഖകന്റെ പേര് എ.എം.ഹസ്സൻ എന്ന് തന്നെ. ഒപ്പം ബ്രാക്കറ്റിൽ യു ഡി എഫ് കൺവീനർ എന്നുമുണ്ട്. ലേഖകന്റെ പടമായി ചേർത്തത് സാക്ഷാൽ എം.എം.ഹസ്സൻറെ മുഖവും.
ദ മലയാളം ന്യൂസിന് പറ്റിയ കൈപ്പിഴ എം.എം.ഹസ്സനും ഞാനും തമ്മിൽ പഴയ കാലത്തുണ്ടായ ‘കൊടുക്കൽ വാങ്ങലി’ലേക്ക് ഓർമ്മയെ നയിച്ചു. ഏകദേശം മുപ്പത് വർഷമൊക്കെ മുമ്പ്, ചന്ദ്രികയുടെ തിരുവനന്തപുരം ലേഖകൻ ആയിരിക്കെ ചില ദിവസങ്ങളിൽ ദൂരദർശന് വേണ്ടി നിയമസഭാ റിപ്പോർട്ട് തയാറാക്കി നൽകിയിട്ടുണ്ട്. ന്യൂസ് റീഡർ സ്ക്രിപ്റ്റ് വായിക്കുന്നതിനൊപ്പം സ്ക്രീനിൽ താഴ്ഭാഗത്ത് റിപ്പോർട്ടറുടെ പേർ എഴുതിക്കാണിക്കുന്നതായിരുന്നു രീതി. അങ്ങനെ റിപ്പോർട്ട് നൽകിയതിന്റെ തൊട്ടടുത്ത ദിവസം രാവിലെ സഭയിൽ എത്തിയപ്പോൾ എം.എം.ഹസ്സൻ അടുത്ത് വന്ന് നിറഞ്ഞ ചിരിയോടെ താങ്ക്സ് പറയുന്നു. കാരണമെന്തന്ന് അറിയാതെ അന്ധാളിച്ചുനിന്നപ്പോൾ അദ്ദേഹം കാര്യം പറഞ്ഞു. തലേ ദിവസം ദൂരദർശനിലെ നിയമസഭാ അവലോകനം കഴിഞ്ഞപ്പോൾ ആരോ വിളിച്ചുവത്രെ. നിയസഭയിൽ പോയാൽ പ്രസംഗിക്കുകയും മറ്റു നടപടികളിൽ ഇടപെടുകയും മാത്രം പോരാ, ദൂരദർശന് വാർത്തയും എഴുതിക്കൊടുക്കണം, അല്ലേ. ഞാൻ കേട്ടു. നന്നായിട്ടുണ്ട്’ എന്നായിരുന്നുവത്രെ ആ അഭ്യുദയകാംക്ഷിയുടെ കമന്റ്. ടെലിവിഷൻ സ്ക്രീനിലെ എ. എം.ഹസ്സൻ എന്നത് എം.എം.ഹസ്സൻ എന്ന് തെറ്റായി വായിച്ചുപോയ അനുയായി എന്ന് തിരിച്ചറിയാൻ എം.എം.ഹസ്സന് പ്രയാസമൊന്നുമുണ്ടായില്ല. അക്കാര്യമാണ് അദ്ദേഹം സഭയിൽ എന്നോട് പങ്കുവച്ചത്. എന്നെക്കൊണ്ട് അദ്ദേഹത്തിന് കിട്ടുന്ന ‘പെരുമ’യോർത്ത് രണ്ടുപേരും ചിരിച്ച് പിരിഞ്ഞു.
വർഷങ്ങൾക്ക് ശേഷം കേരള കൗമുദിയിൽ ‘പത്രാധിപർ’ ബാലകൃഷ്ണനെക്കുറിച്ചൊരു അനുസ്മരണക്കുറിപ്പ്. എഴുതിയ ആളുടെ പേര് എ.എം.ഹസ്സൻ. ആ പേരിൽ ആരെങ്കിലും കാണുമെന്ന് കരുതിയിരുന്നതാണ്. അടുത്ത ദിവസം അതാ പത്രത്തിൽ ഒരു തിരുത്ത്. ഇന്നലത്തെ പത്രത്തിൽ പത്രാധിപരെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ് എഴുതിയത് എം.എം.ഹസ്സൻ ആണെന്ന് തിരുത്തിവായിക്കണം. നിയമസഭാ റിപ്പോർട്ടിൽ എന്നെക്കൊണ്ട് ലഭിച്ചത് കൗമുദിയിലെ ലേഖനം വഴി എനിക്ക് തിരിച്ചുകിട്ടിയെന്ന് വേണമെങ്കിൽ പറയാം.
ഒരു പേരിൽ എന്തിരിക്കുന്നു എന്നതിന് ഇങ്ങനെ ചില അബദ്ധങ്ങളും പതിയിരിക്കുന്നുവെന്ന സമാധാനത്തോടെ മനസ് നിറയെ നിറഞ്ഞ ചിരിയോടെ
(എ.എം ഹസൻ എഴുതിയ കുറിപ്പിൽ എം.എം ഹസന്റെ പേരും ചിത്രവും തെറ്റായാണ് ദ മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചത്. തെറ്റ് ബോധ്യമായ ഉടൻ തിരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. തെറ്റുപറ്റിയതിൽ നിർവ്യാജം ഖേദിക്കുന്നു. ദ മലയാളം ന്യൂസ് പത്രാധിപർ )