കൊച്ചി– കൊച്ചിയിൽ സ്കൂളിൽ വൈകിയെത്തിയ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച് ഇരുട്ട് മുറിയിൽ അടച്ചതായി പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് പരാതി. അഞ്ചാം ക്ലാസുകാരെനെയാണ് ഇരുട്ട് മുറിയിൽ അടച്ചത്. ഇത് അന്വേഷിച്ചെത്തിയ രക്ഷിതാക്കളോട് മോശമായി പെരുമാറിയെന്നും ടിസി നൽകി കുട്ടിയെ പിരിച്ചുവിടുമെന്ന് സ്കൂൾ അധികൃതർ അധിക്ഷേപിച്ചെന്നും രക്ഷിതാക്കൾ പറഞ്ഞു.
അതേസമയം, ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം മന്ത്രി നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ലെന്നും കുട്ടി വൈകിയെത്തിയാല്‍ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കുറിപ്പില്‍ അറിയിച്ചു.