തിരുവനന്തപുരം– ക്രിസ്‌മസ് ആഘോഷങ്ങൾക്കായി കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവനിലധികം സ്വർണ്ണാഭരണങ്ങൾ കവർന്നു. തിരുവനന്തപുരം കാട്ടാക്കട കൊറ്റംകുഴി ഷൈൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രി ഷൈൻ കുമാറും കുടുംബവും ക്രിസ്‌മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പള്ളിയിൽ പോയ സമയത്ത് വീടിൻ്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്‌ടാക്കൾ അലമാരകളിൽ സൂക്ഷിച്ചിരുന്ന 60 പവനിലധികം സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു.
പള്ളിയിലെ ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടുലെത്തിയ കുടുംബം തകർന്നു കിടക്കുന്ന വാതിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം നഷ്‌ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ കാട്ടാക്കട പോലീസിൽ വിവരമറിയിച്ചു.
ആസൂത്രിതമായ നീക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശേഖരിച്ച തെളിവുകളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.



