തിരുവനന്തപുരം– ‘ലോട്ടറി മാഫിയ’ കേരളത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ അർബുദമായി പടർന്ന ദുരന്ത നിമിഷങ്ങളിൽ അതിനെതിരെ പൊരുതാൻ ഒരു ഉന്നത ഉദ്യോഗസ്ഥന് താങ്ങായി ആ നേതാവ് ഉണ്ടായിരുന്നു, വി എസ് അച്യുതാനന്ദൻ. വലിയ സാമ്പത്തിക തട്ടിപ്പുകൾക്കൊപ്പം, ചെറുവഴികളിലൂടെ സാധാരണക്കാരന്റെ ജീവിതം മുഴുവനായി വിഴുങ്ങുന്ന അധർമ്മതന്ത്രങ്ങൾ കൂടി ലോട്ടറി മാഫിയ പയറ്റുന്നുണ്ട്.
ലോട്ടറി ഡയറക്ടറായി ജോലി ചെയ്തിരുന്ന കെ. സുരേഷ്കുമാർ വി.എസ്സുമായി നടത്തിയ ഒരു കൂടിക്കാഴ്ചയാണ് ഇത്തരം മാഫിയകൾക്കെതിരായ നീക്കത്തിന് വലിയ പ്രേരണയായത്.
ഇതര സംസ്ഥാന ലോട്ടറികൾക്കും ഓൺലൈൻ ലോട്ടറികൾക്കുമെതിരെയുള്ള നിയമയുദ്ധത്തിനിടയിലാണ് അന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസിനെ സുരേഷ്കുമാർ പരിചയപ്പെടുന്നത്.ലോട്ടറിമാഫിയ 2 വർഷം കൊണ്ട് 16,000 കോടി രൂപയുടെ വിൽപന നികുതിയാണു വെട്ടിച്ചത്. ഇവർക്കെതിരെ താൻ എടുത്ത നടപടികളെ ചോദ്യംചെയ്ത് അവർ ഹൈക്കോടതിയെ സമീപിച്ചു. ഈ അവസരത്തിലായിരുന്നു വിഎസിന്റെ ഇടപെടൽ.
പ്രതിപക്ഷനേതാവായിരുന്ന വി.എസ് രേഖാമൂലം തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ രേഖകൾ കൊടുത്തു. എന്നാൽ, 2 ദിവസം കഴിഞ്ഞപ്പോൾ ഈ വിഷയത്തെക്കുറിച്ച് വിഎസിനു സംശയങ്ങൾ ഉണ്ടെന്നും കൻ്റോൺമെൻ്റ് ഹൗസിൽ വന്നു വിഎസിനെ നേരിട്ടു കാണാമോ എന്നും അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഷാജഹാൻ ചോദിച്ചു. തുടർന്ന് കന്റോൺമെന്റ് ഹൗസിൽ വിഎസുമായി ഒന്നര മണിക്കൂറിലധികം നീണ്ട ആദ്യ കൂടിക്കാഴ്ച. എന്നാൽ അന്നേ ദിവസം ലോട്ടറിയിലെ അഴിമതിയെക്കുറിച്ച് ഒരു വാക്കു പോലും വിഎസ് ചോദിച്ചില്ല. പകരം അദ്ദേഹത്തിന് അറിയേണ്ടത് എങ്ങനെയാണ് ഒരു സാധാരണക്കാരൻ ലോട്ടറിക്ക് ‘അടിമയായി’ മാറുന്നത് എന്നായിരുന്നു.
ലോട്ടറി മാഫിയയുടെ ഏറ്റവും വലിയ ഇരകൾ നാട്ടിലെ ഏറ്റവും സാധാരണക്കാരായിരുന്നു. ജീവിതത്തിൽ എന്നെങ്കിലും തന്റെ ഭാഗ്യം തെളിയും എന്ന പ്രതീക്ഷയിൽ ഒരു ടിക്കറ്റ് വാങ്ങുന്നവർ. പിന്നെ അതിന് അടിമയായിത്തീരുകയാണ് പലരുടെയും ഗതി. നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാൻ വീണ്ടും വീണ്ടും ടിക്കറ്റ് എടുക്കുന്നവർ. ഭാര്യയുടെ സ്വർണവും പിന്നെ സ്വന്തം ഓട്ടോയും പണയപ്പെടുത്തിവരെ അതു തുടരുന്നവർ ഉണ്ട്. അവസാനം കടക്കെണിയിലും ആത്മഹത്യയിലുമെത്തിച്ചേരുന്നവരാണ് പലരും.
വാസ്തവത്തിൽ, ലോട്ടറി ടിക്കറ്റിന്റെ കൂടെ വിറ്റു പോകുന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവുമാണ്. മാഫിയക്ക് ഇതെല്ലാം അറിയാം, അതിനാൽ തന്നെ അവർ പല വഴികളിലൂടെ സാധാരണക്കാരനിൽ ആകർഷണം സൃഷ്ടിക്കുന്നു. വീണ്ടും വീണ്ടും ഇത് എടുക്കാൻ പ്രേരിപ്പിക്കുന്നു.
തങ്ങൾ തമ്മിൽ നടന്ന സംസാരങ്ങളെല്ലാം വിഎസ് ശ്രദ്ധയോടെയും വ്യാകുലതയോടെയുമായിരുന്നു കേട്ടിരുന്നത് എന്ന് സുരേഷ് കുമാർ പറയുന്നുണ്ട്. താൻ അവതരിപ്പിച്ച കാര്യങ്ങളുടെ പശ്ചാത്തലത്തിൽ വി.എസിനെ ഞാൻ ഹൃദയഭേദകമായ ഒരു സംഭവം ഓർമ്മിപ്പിക്കേണ്ടി വന്നു. കരുനാഗപ്പള്ളിയിലെ ഒരു ഓട്ടോ ഡ്രൈവറും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമായ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇവരുടെ കട്ടിലിന്റെ കീഴിൽനിന്ന് കണ്ടെത്തിയ 3 ചാക്ക് പഴയ ലോട്ടറി ടിക്കറ്റുകളായിരുന്നു. ഇത്തരം അതിദാരുണമായ ധാരാളം സംഭവങ്ങൾ തെല്ലൊരു അമ്പരപ്പോടെയും ദുഃഖത്തോടെയുമാണ് വി എസ് കേട്ടത്. ഇത് മനസ്സിലാക്കിയാണ് താൻ മാഫിയക്കെതിരെ നീങ്ങുന്നത് എന്ന് പറഞ്ഞപ്പോൾ വി എസ് സംശയലേശമന്യേ കൂടെ നിന്നു.
നിസ്സാഹായരായ,ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന മനുഷ്യരുടെ അകത്തെ വേദന മനസ്സിലാക്കിയതോടെയാണ് വിഎസ് ലോട്ടറി മാഫിയക്കെതിരെ പൊരുതാൻ എല്ലാവിധ പിന്തുണയും അറിയിച്ചത്. രാഷ്ട്രീയനേതാവെന്ന നിലയിൽ മാത്രം അല്ല, സാധാരണക്കാരുടെ ജനജീവിതത്തിൽ നിന്നും പുറത്തെത്തുന്ന ആഴത്തിലുള്ള ദു:ഖങ്ങളോട് പ്രതികരിക്കാനുള്ള വ്യക്തിത്വം കൊണ്ടാണ് അദ്ദേഹത്തിന്റെ ഇടപെടൽ അത്രയും പ്രധാനപ്പെട്ടത് ആയത്.