റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 22 പുതിയ ജൂതകുടിയേറ്റ കോളനികൾ നിർമിക്കാൻ ഇസ്രായിൽ സുരക്ഷാ മന്ത്രിസഭ കഴിഞ്ഞയാഴ്ച രഹസ്യ വോട്ടെടുപ്പിലൂടെ അംഗീകാരം നൽകിയതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു. പുതിയ കുടിയേറ്റ കോളനികൾ നിർമിക്കുന്നതിനെ കുറിച്ച കരട് പ്രമേയം പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സും ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചുമാണ് സുരക്ഷാ മന്ത്രിസഭക്കു മുന്നിൽ സമർപ്പിച്ചത്.
തെൽഅവീവിനെ ജറൂസലമുമായി ബന്ധിപ്പിക്കുന്ന റൂട്ട് 443ന് ചുറ്റും ഇസ്രായിലി സാന്നിധ്യം ശക്തിപ്പെടുത്താനാണ് പുതിയ കുടിയേറ്റ കോളനികൾ നിർമിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. റൂട്ട് 443ന്റെ ഒരു ഭാഗം വെസ്റ്റ് ബാങ്കിലൂടെ കടന്നുപോകുന്നു. 1967-ലെ യുദ്ധത്തിൽ ഇസ്രായിൽ പിടിച്ചടക്കിയ വെസ്റ്റ് ബാങ്കിൽ ഏകദേശം ഏഴു ലക്ഷം ഇസ്രായിലി കുടിയേറ്റക്കാരും മുപ്പതു ലക്ഷം ഫലസ്തീനികളും ജീവിക്കുന്നു.