തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളവും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണ്. സ്വയം പ്രതിരോധം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക് ഉപയോഗിക്കണം. ആശുപത്രികളിൽ മാസ്ക് നിർബന്ധമാണ്, ആരോഗ്യപ്രവർത്തകർ ഇത് കർശനമായി പാലിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണമെന്നും മന്ത്രി നിർദേശിച്ചു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചില സ്വകാര്യ ആശുപത്രികൾ രോഗികളെ റഫർ ചെയ്യുന്നത് ശരിയല്ലെന്നും, ചികിത്സാ പ്രോട്ടോകോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനതല റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മേയ് മാസത്തിൽ 182 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതിൽ കോട്ടയത്ത് 57, എറണാകുളത്ത് 34, തിരുവനന്തപുരത്ത് 30 കേസുകൾ. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താനും, ആർടിപിസിആർ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.
നിപ പ്രതിരോധ പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. കൺട്രോൾ റൂം പ്രവർത്തനങ്ങൾ പ്രോട്ടോകോൾ അനുസരിച്ച് തുടരാനും, രോഗവ്യാപനമില്ലാത്തതിനാൽ കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കാമെന്നും യോഗം വിലയിരുത്തി. മഴക്കാലം അടുക്കുന്നതിനാൽ ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത വേണം. ഇടവിട്ടുള്ള മഴ സാധ്യത കണക്കിലെടുത്ത് ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കണം.
തദ്ദേശ സ്ഥാപനങ്ങൾ കൊതുക് നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ഊർജിതമാക്കണം. പൊതുജനാരോഗ്യ നിയമപ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ മാസാവസാനത്തോടെ ആക്ഷൻ പ്ലാൻ തയാറാക്കണമെന്നും മന്ത്രി നിർദേശിച്ചു.