മലപ്പുറം– കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 16 വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകളാണ് മരിച്ച അശ്വതി. പട്ടികജാതി വിഭാഗത്തില്‍ പെട്ട കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് കാണിച്ച് കുടുംബം മെഡിക്കല്‍ കോളജിനെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നിട്ടും ഡോക്ടര്‍മാര്‍ പരിഗണിച്ചില്ലെന്നും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചതായും കുടുംബം ആരോപിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ ചിലവ് കുടുംബത്തിന് താങ്ങാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ സഹായിക്കുകയായിരുന്നു.
പിന്നീട് രോഗം മൂര്‍ച്ഛിച്ച് മുക്കത്തെ കെഎംസിടിയില്‍ പ്രവേശിപ്പിച്ച അശ്വതി മരണപ്പെടുകയായിരുന്നു. പാവപ്പെട്ട ഒരു രോഗിക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചെങ്കില്‍ എന്തിനാണ് പൊതുജനാരോഗ്യ മേഖലയെന്ന് എംഎല്‍എ ടിവി ഇബ്രാഹിം ചോദിച്ചു. ആരോഗ്യ മേഖലയെ കുറിച്ച് അവകാശ വാദം ഉന്നയിക്കുന്നവര്‍ ഇതിന് ഉത്തരം പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.