തിരുവനന്തപുരം– റോഡപകടത്തെ തുടർന്ന് വിട പറഞ്ഞ പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് ഇനി അഞ്ച് പേരിലൂടെ ജീവിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മകളുടെ അവയവങ്ങള്‍ മാതാപിതാക്കൾ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണെന്ന് മന്ത്രി അറിയിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍.
മകൾ നഷ്ടപ്പെട്ട വേദനയിലും മകൾ മറ്റുള്ളവരിലൂടെ ജീവിക്കാൻ മാതാപിതാക്കൾ തയ്യാറാവുകയാണ്. ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും റോഡ് മാർഗം അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു. ആലിന്‍ ഷെറിന്‍റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന 10 വയസുള്ള കുട്ടിക്ക് നല്‍കും.



