തെഹ്‌റാന്‍ -ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ നേതാക്കൾ രംഗത്തെത്തി. അയൽ രാജ്യങ്ങളിലെ ശത്രുതാപരമായ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മുഹ്സിനി എജെയ് വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് ചില അയൽ രാജ്യങ്ങൾ തങ്ങളുടെ മണ്ണും വിഭവങ്ങളും വിട്ടുനൽകുന്നുണ്ടെന്നും, അത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ തന്ത്രത്തിൽ സർക്കാരും സൈന്യവും ഒരേ നിലപാടിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അയൽ രാജ്യങ്ങളോട് ക്ഷമാപണം നടത്തിയ പ്രസിഡന്റിന്റെ നടപടി രാജ്യത്തിന്റെ അന്തസ്സിനെ ബാധിച്ചുവെന്ന് ഇറാനിലെ തീവ്രനിലപാടുകാർ ആരോപിക്കുന്നു. നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ക്ഷമ ചോദിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് കൺസർവേറ്റീവ് എം.പി ജലാൽ റശീദി കൗഷിയുടെ നിലപാട്. പ്രസിഡന്റ് ദുർബലനാണെന്നും അദ്ദേഹത്തിന് നിശ്ചയദാർഢ്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേഖലയിൽ യു.എസ് സൈനിക താവളങ്ങൾ ഉള്ളിടത്തോളം കാലം അയൽ രാജ്യങ്ങളിൽ സമാധാനം ഉണ്ടാകില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വ്യക്തമാക്കി. പ്രസിഡന്റിന്റെ ക്ഷമാപണം റെവല്യൂഷണറി ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ തർക്കങ്ങൾക്കിടയിൽ, രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഇറാൻ വേഗത്തിലാക്കിയതായും ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.



