കൊൽക്കത്ത: പാക് ഭീകരവാദവും ഓപറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങളും വിവിധ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ വിശദീകരിക്കാനുള്ള സർവകക്ഷി ദൗത്യസംഘത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എം.പിയും മുൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാൻ പിന്മാറി. പാർട്ടിയോട് കൂടിയാലോചിക്കാതെ യൂസുഫ് പഠാനെ ദൗത്യസംഘത്തിലേക്ക് തെരഞ്ഞെടുത്ത കേന്ദ്രസർക്കാർ നടപടിയിൽ തൃണമൂൽ കോൺഗ്രസ് അതൃപ്തി അറിയിച്ചതോടെയാണ് താരത്തിന്റെ നീക്കം. പാർട്ടിയോട് ചോദിക്കാതെ പഠാനെ നേരിട്ട് ദൗത്യസംഘത്തിൽ ഉൾപ്പെടുത്തിയത് ശരിയായില്ലെന്നും തൃണമൂലിന്റെ പ്രതിനിധി ആരെന്ന് തീരുമാനിക്കേണ്ടത് സർക്കാർ അല്ലെന്നും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭ എം.പിയുമായ അഭിഷേക് ബാനർജി പറഞ്ഞു. ദൗത്യസംഘത്തിൽ നിന്ന് തങ്ങളുടെ പ്രതിനിധിയെ പിൻവലിക്കുന്ന ആദ്യ പാർട്ടിയാണ് തൃണമൂൽ.
ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാടും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് നടത്തിയ ഓപറേഷൻ സിന്ദൂറും വിശദീകരിക്കാൻ വിവിധ ലോകരാജ്യങ്ങളിലേക്കയക്കുന്ന ഏഴ് ദൗത്യസംഘങ്ങളുടെ ലിസ്റ്റ് കേന്ദ്രസർക്കാർ ശനിയാഴ്ചയാണ് പുറത്തിറക്കിയത്. ഭരണകക്ഷിയായ എൻ.ഡി.എയിലെയും പ്രതിപക്ഷ പാർട്ടികളിലെയും അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ദൗത്യസംഘങ്ങളെ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഇന്തൊനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തിലാണ് യൂസുഫ് പഠാനെ ഉൾപ്പെടുത്തിയത്. ഐക്യ ജനതാദൾ നേതാവ് സഞ്ജയ് കുമാർ ഝാ ആണ് സംഘത്തിന്റെ നേതാവ്. മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ, സി.പി.എം എം.പി ജോൺ ബ്രിട്ടാസ്, കോൺഗ്രസ് എം.പി ശശി തരൂർ തുടങ്ങിയവർ മറ്റ് ദൗത്യസംഘങ്ങളിൽ ഉൾപ്പെട്ടിരുന്നു.
ദൗത്യസംഘത്തിൽ തങ്ങളുടെ പ്രതിനിധിയെ ഉൾപ്പെടുത്തുമ്പോൾ സർക്കാർ പാർട്ടിയുമായി സംസാരിക്കണമായിരുന്നു എന്നും പഠാനെ പിൻവലിക്കുന്നത് രാഷ്ട്രീയപരമായ നീക്കമല്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു:
‘തൃണമൂൽ പ്രതിനിധിയെ തീരുമാനിക്കാൻ കേന്ദ്ര സർക്കാർ എങ്ങനെ കഴിയും? ഒരു പാർട്ടി ഏത് പ്രതിനിധിയെ അയക്കെണം എന്നകാര്യം നിശ്ചയിക്കാൻ പ്രതിപക്ഷത്തോട് ആലോചിക്കേണ്ടതല്ലേ? തൃണമൂൽ ആരെ അയയ്ക്കുമെന്ന് ബിജെപി എങ്ങനെയാണ് തീരുമാനിക്കുക? തൃണമൂൽ യോഗം ബഹിഷ്‌കരിക്കുന്നില്ല. ദേശീയ സുരക്ഷ എന്ന വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാതിരുന്ന ഏക പാർട്ടിയാണ് തൃണമൂൽ.’ അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ദൗത്യസംഘത്തിൽ ചേരാമോയെന്ന് തൃണമൂൽ ലോക്‌സഭാ എം.പി സുദീപ് ബന്ധോപാധ്യായയോട് കേന്ദ്രമന്ത്രി കിരൺ റിജിജു ചോദിച്ചിരുന്നുവെന്നും അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം നിരസിക്കുകയാണുണ്ടായതെന്നും അഭിഷേക് ബാനർജി പറഞ്ഞു. ഇതോടെയാണ് സർക്കാർ പാർട്ടിയോട് ചോദിക്കാതെ ബഹറാംപൂർ എം.പിയായ യൂസുഫ് പഠാനെ തെരഞ്ഞെടുത്തത്.
ദൗത്യസംഘത്തിലേക്ക് കോൺഗ്രസ് നൽകിയ നാല് പ്രതിനിധികളുടെ ലിസ്റ്റിൽ നിന്ന് മൂന്നു പേരെയും വെട്ടിയാണ് കേന്ദ്രം പട്ടിക പുറത്തിറക്കിയത്. മുൻ മന്ത്രി ആനന്ദ് ശർമ, ലോക്‌സഭയിലെ പാർട്ടി ഉപനേതാവ് ഗൗരവ് ഗോഗോയ്, രാജ്യസഭാ എം.പി നസീർ ഹുസൈൻ, ലോക്‌സഭാ എം.പി രാജ ബ്രാർ എന്നിവരുടെ ലിസ്റ്റാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കിരൺ റിജിജുവിന് കൈമാറിയത്. എന്നാൽ ഇതിൽനിന്ന് ആനന്ദ് ശർമയെ മാത്രം എടുത്ത സർക്കാർ മറ്റുള്ളവർക്കു പകരം ശശി തരൂർ, മനീഷ് തിവാരി, സൽമാൻ ഖുർഷിദ് എന്നിവരെ ഉൾപ്പെടുത്തുകയായിരുന്നു. ബി.ജെ.പിയുടെ വിലകുറഞ്ഞ രാഷ്ട്രീയ കളിയാണിതെന്ന് ആരോപിച്ചെങ്കിലും തങ്ങളുടെ പ്രതിനിധികളെ സംഘങ്ങളിൽ തുടരാൻ കോൺഗ്രസ് അനുവദിച്ചു.
തരൂർ യു.എസിലേക്കുള്ള സംഘത്തെ നയിക്കും; ഇ.ടിയും ഉവൈസിയും ഗൾഫ് രാജ്യങ്ങളിലേക്ക്