യൂത്ത് ലീഗ് നേതാക്കൾ കുടുംബത്തെ സന്ദർശിച്ചു
ഫരീദാബാദ്: മുസ്ലിമാണെന്നു കരുതി എൻ്റെ മകനെ കൊന്നു എന്നാണ് അവർ പറഞ്ഞത്. മുസ്ലിമാണെങ്കിൽ ആരെയും കൊല്ലാമെന്നാണോ. ഹരിയാന ഫരീദാബാദിൽ പശു ഭീകരർ വെടിവച്ച് കൊന്ന 19 കാരൻ ആര്യൻ മിശ്രയുടെ അമ്മ ഉമ മിശ്രയുടെ ഈ വാക്കുകളിൽ രോഷവും സങ്കടവും ഉണ്ടായിരുന്നു. വർഗീയ ഭ്രാന്തരുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട എല്ലാ മക്കളുടെയും അമ്മമാരുടെ വേദന എനിക്ക് മനസിലാവുന്നു. ഇനിയൊരമ്മക്കും ഈ ഗതി വരരുത്. എൻ്റെ മകന് നീതി കിട്ടണം.19 വയസുകാരനായ മകൻ ആര്യൻ മിശ്രയുടെ സർട്ടിഫിക്കറ്റുകൾ ചേർത്തു പിടിച്ച് വിതുമ്പി കരഞ്ഞുകൊണ്ട് ഉമമിശ്ര അത് പറഞ്ഞത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി, വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാൻ, സെക്രട്ടറി സി.കെ ഷാകിർ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം ഫരീദാബാദിലെ വീട്ടിലെത്തിയത്. ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര, മാതാവ് ഉമ മിശ്ര, സഹോദരൻ ആയുഷ് മിശ്ര എന്നിവരെ വീട്ടിലെത്തി ആശ്വസിപ്പിച്ച യൂത് ലീഗ് നേതാക്കൾ എല്ലാ പിന്തുണയും അറിയിച്ചാണ് മടങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പാണ് ഫരീദാബാദിലെ ടോൾ ഗേറ്റിനടുത്ത് വച്ച് പുലർച്ചെ മൂന്ന് മണിക്ക് അയൽവാസികളായ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആര്യൻ മിശ്ര വെടിയേറ്റ് മരിച്ചത്. വളരെ സാധാരണ ചുറ്റുപാടുള്ള വാടക വീട്ടിൽ താമസിക്കുന്ന ഹിന്ദു ബ്രാഹ്മണ കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു പഠനത്തിലും സ്പോർട്സിലും മിടുക്കനായിരുന്ന ആര്യൻ. പശു മാംസക്കടത്ത് തടയാനെന്ന പേരിൽ നിരവധി കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയനായ ബജ്റംഗ് ദൾ നേതാവ് അനിൽ കൗശികൻ്റെ നേതൃത്വത്തിലുള്ള സംഘം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ പിൻതുടർന്ന് മുൻ സീറ്റിലിരുന്ന ആര്യനെ കഴുത്തിലും നെഞ്ചിലും വെടിവച്ച് കൊല്ലുകയായിരുന്നു. തുടർന്ന് പോലീസ് പിടിയിലായ അനിൽ കൗശിക് ആര്യൻ്റെ പിതാവ് സിയാനന്ദ് മിശ്രയോട് പറഞ്ഞത് ബ്രഹ്മഹത്യ നടത്തിയതിൽ ഖേദമുണ്ട് മുസ്ലിമാണെന്നു കരുതി നിറയൊഴിച്ചതാണെന്നാണ്. അനിൽ കൗശികിനോട് പറഞ്ഞ മറുപടി ലോകത്തോട് മുഴുവൻ വിളിച്ച് പറയുകയാണ് സിയാനന്ദ് മിശ്രയും ഉമ മിശ്രയും.
വീട്ടിലുപയോഗിക്കുന്ന ചെരിപ്പു ധരിച്ച് ഫോൺ പോലും എടുക്കാതെയാണ് ആര്യൻ രാത്രി പോയത് എന്ന് അമ്മ പറയുന്നു. കടുത്ത ഷുഗർ രോഗിയാണ് അവൻ്റെ അഛൻ. ഞാനും മക്കൾ രണ്ടു പേരും ജോലി ചെയ്താണ് വീട്ടുവാടകയും മറ്റ് ചിലവുകളും നടത്തുന്നത്. പ്ലസ് ടു മുതൽ പാർട്ട് ടൈം ജോലി ചെയ്ത് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോയവനായിരുന്നു ആര്യൻ. പഠിക്കാൻ മിടുക്കനായിരുന്നു. ബുൾസ് ജിം ദേശീയ തല മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയവനാണ്. അവൻ്റെ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും മെഡലുകളും ഓരോന്നായി യൂത് ലീഗ് നേതാക്കളെ കാണിച്ച് കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു. നേരത്തെ അപകടം സംഭവിച്ച് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നയാളാണ് ഞാൻ. ആര്യൻ വീട്ടു ജോലിയിലടക്കം തന്നെ സഹായിക്കുമായിരുന്നു. അവൻ്റെ വേർപാടിനോട് പൊരുത്തപ്പെടാനാവില്ല. മുസ്ലിമാണെങ്കിൽ ആരെയും കൊല്ലാമെന്നാണോ. അവർ മനുഷ്യരല്ലെ. പശുവിൻ്റെയും മതത്തിൻ്റെയും പേര് പറഞ്ഞ് ആളുകളെ കൊല്ലുന്നവരും മനുഷ്യരല്ലെ. മക്കളെ നഷ്ടപ്പെടുന്നത് ഒരമ്മക്കും സഹിക്കാനാവില്ല. പുത്ര ദു:ഖത്തിലും പേറ്റുനോവിന് മതമില്ലെന്ന് ഉമ മിശ്ര യൂത് ലീഗ് നേതാക്കളോടു പറഞ്ഞു.
ഫരീദാബാദിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്ന് പിതാവ് സിയാനന്ദ് മിശ്ര പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം അനിൽ കൗശികിനെ നേരിൽ കണ്ടിരുന്നു. ബ്രഹ്മഹത്യ മാത്രമല്ല നരഹത്യയെല്ലാം പാപമാണെന്ന് ഞാൻ അയാളോട് പറഞ്ഞു. ദീർഘകാലം മുസ്ലിമായ ഒരു കച്ചവടക്കാരൻ്റെ സഹായിയുടെ ജോലി ചെയ്തവനാണ് ഞാൻ. കണ്ടാൽ പണ്ഡിറ്റ്ജി എന്ന് വിളിച്ച് അടുത്തെത്തുന്ന ധാരാളം മുസ്ലിം സുഹൃത്തുകൾ എനിക്കിവിടെയുണ്ട്. ഹിന്ദു മതത്തിൻ്റെ പേരിൽ നടക്കുന്ന ഇത്തരം ദാരുണമായ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആര്യൻ്റെ മാതാപിതാക്കൾ യൂത് ലീഗ് സംഘത്തോട് പറഞ്ഞു. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചം ഗൂഡാലോചനയെക്കുറിച്ചും പോലീസ് കാര്യമായി അന്വേഷിക്കുന്നില്ല. തിരഞ്ഞെടുപ്പ് കഴിയും വരെ നിശബ്ദരായിരിക്കൂ എന്നാണ് പറയുന്നത്. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ലോക്കൽ പോലീസിന് അന്വേഷണത്തിൽ വേണ്ടത്ര താല്പര്യമില്ല എന്നു അദ്ദേഹം പറഞ്ഞു.
ഹരിയാനയില നൂഹ് ഫരീദാബാദ് ജില്ലകളെ സംഘ് പരിവാർ സംഘടനകൾ പശു ഭീകരതയുടെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. തോക്കുകളുമായി റോന്ത് ചുറ്റുന്ന ഇവരുടെ ആളുകളെ ആക്രമിക്കുന്നതും വാഹനങ്ങൾ കൊള്ളയടിക്കുന്നതും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് നിത്യസംഭവമാണിവിടെ.16 വയസുകാരനായ ജുനൈദ്, പെഹ്ലു ഖാൻ അടക്കം നിരവധി പേരെ പശു ഭീകരർ ഇവിടെ കൊന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് സാബിർ മാലിക്ക് എന്ന മുസ്ലിം ചെറുപ്പക്കാരനെ പശുവിൻ്റെ പേരിൽ തല്ലിക്കൊന്നത്.ഇവർക്ക് എല്ലാ സംരക്ഷണവും കൊടുത്തത് ബി ജെ പി സർക്കാരാണ്. 19 കാരനായ ആര്യൻ മിശ്ര കൊല്ലപ്പെട്ടതോടെ ബി ജെ പി പ്രതിരോധത്തിലായിരിക്കുകയാണ്. മനുഷ്യത്വ രഹിതമായ ഈ ക്രൂരതക്ക് ഹരിയാന തെരഞ്ഞെടുപ്പിൽ ജനം ബി ജെ പി യെ പാഠം പടിപ്പിക്കും. മുസ്ലിം യൂത്ത് ലീഗ് ആര്യൻ്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകും. പശുവിൻ്റെ പേരിൽ സംഘ് പരിവാർ നടത്തുന്ന ക്രൂരതകൾക്കെതിരെ ജാതി മത ഭേദമന്യേ എല്ലാവരും പോരാട്ടത്തിനിറങ്ങണമെന്ന് യൂത് ലീഗ് നേതാക്കൾ അഭ്യർത്ഥിച്ചു. ഹരിയാന യൂത് ലീഗ് നേതാക്കളായ അഡ്വ. സലീം ഹുസൈൻ, അഡ്വ അഹമ്മദ് ശാരൂഖ്, ഷൗക്കത് ചൗദരി എന്നിവരും യൂത് ലീഗ് സംഘത്തിലുണ്ടായിരുന്നു