ബംഗളുരു: ക്രോക്സ് ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ ദാരുണമായി മരിച്ചു. ബംഗളുരു ബന്നെർഘട്ട രംഗനാഥ ലേയൗട്ട് സ്വദേശി മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്.
ടിസിഎസ് ജീവനക്കാരനായ മഞ്ജു പ്രകാശ്, ശനിയാഴ്ച ഉച്ചയ്ക്ക് 12:45-ന് സമീപത്തെ കരിമ്പുകട സന്ദർശിച്ച ശേഷം വീട്ടിലെത്തി. ക്രോക്സ് ചെരുപ്പ് പുറത്ത് അഴിച്ചുവെച്ച് വിശ്രമിക്കാൻ മുറിയിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം, ചെരുപ്പിന് സമീപം ചത്ത പാമ്പിനെ കണ്ട കുടുംബാംഗങ്ങൾ മുറിയിലെത്തി പരിശോധിച്ചപ്പോൾ, പ്രകാശിനെ വായിൽ നുരയും പതയും വന്ന് കാലിൽ രക്തസ്രാവമുള്ള അവശനിലയിൽ കണ്ടെത്തി.
ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. 2016-ലെ ഒരു ബസ് അപകടത്തെ തുടർന്ന് പ്രകാശിന്റെ കാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു, ഇതിനാൽ ഒരു കാലിൽ സംവേദനക്ഷമത നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ഇതാണ് പാമ്പ് കടിച്ചപ്പോൾ വേദന അനുഭവിക്കാതിരുന്നതിന്റെ കാരണമെന്നാണ് കരുതുന്നത്.
മഴക്കാലത്ത് പാമ്പുകൾ ഷൂകളിലും ചെരുപ്പുകളിലും ഒളിക്കാൻ സാധ്യതയുണ്ടെന്നതിനാൽ, ധരിക്കുന്നതിന് മുമ്പ് പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.