ലക്‌നൗ – ചരിത്രത്തെ വെട്ടിമാറ്റാനും കാവിവത്കരിക്കാനുമുള്ള യു.പി സർക്കാറിന്റെ ശ്രമങ്ങൾ തുടരുന്നു. ആഗ്രയിൽ നവീകരണപ്രവൃത്തി നടക്കുന്ന ജമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റി യോഗി ആദിത്യനാഥ് സർക്കാർ.
ജമാ മസ്ജിദ് മെട്രോ സ്റ്റേഷനെ മംഗമേശ്വർ മെട്രോ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്തത്. തൊട്ടടുത്ത മംഗമേശ്വർ ക്ഷേത്രത്തോടുള്ള ആദര സൂചകമായാണ് പേരുമാറ്റമെന്ന് സർക്കാർ അറിയിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് പേര് മാറ്റിയതെന്ന് ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ പറഞ്ഞു.
പേര് മാറ്റാൻ നേരത്തേ നിർദേശം നൽകിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദർശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗ്ര മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് പേരുമാറ്റം നടപ്പാക്കിയത്.
ആഗ്ര മെട്രോ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ 13 സ്റ്റേഷനുകളുണ്ടെന്നും മുൻഗണനാ പട്ടികയിൽ ആറ് സ്റ്റേഷനുകളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. താജ്മഹൽ ഈസ്റ്റ് ഗേറ്റ് ആണ് ആദ്യ സ്റ്റേഷൻ. ജമാ മസ്ജിദ് ആറാമത്തെയും അവസാനത്തെയും സ്റ്റേഷനായിരുന്നു. ഇനി ഇത് മംഗമേശ്വർ സ്റ്റേഷനെന്ന് അറിയപ്പെടുമെന്നും ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group