ന്യൂ ഡൽഹി– ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച് സ്‌പാനിഷ് ഇതിഹാസ താരവും മുൻ ബാഴ്സലോണ പരിശീലകനുമായിരുന്ന സാവി ഹെർണാണ്ടസ്. എന്നാൽ അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാനാവാത്തതുക്കൊണ്ട് അപേക്ഷ നിരസിച്ചിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ് ).
ഈ മാസം 2-ന് മനോലോ മാർകസ് പരിശീലകസ്ഥാനത്ത് നിന്ന് രാജിവച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതുതായി പരിശീലകന്റെ നിയമനം നടക്കുന്നത്. മാർകസിന്റെ കീഴിൽ ഇന്ത്യ കഴിഞ്ഞ 8 മത്സരങ്ങളിൽ വെറും ഒരു വിജയമാണ് നേടിയിരുന്നത്. പ്രത്യേകിച്ച്, റാങ്കിങ്ങിൽ പിന്നിൽ നിൽക്കുന്ന ഹോംഗ് കോങിനോട് ഉണ്ടായ തോൽവി വലിയ ദൗർഭാഗ്യമായി വിലയിരുത്തപ്പെട്ടു.
എഐഎഫ്എഫ്ന് ലഭിച്ച 170 അപേക്ഷകളുടെ പട്ടികയിൽ സാവിയോടൊപ്പം, മുൻ ഐഎസ്എൽ പരിശീലകൻ അൻ്റോണിയോ ഹബാസ്, ഒഡീഷ കോച്ച് സെർജിയോ ലൊബേര, മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, മുൻ ലിവർപൂൾ താരങ്ങളായ റോബി ഫൗളർ, ഹാരി കീവെൽ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു. ഇന്ത്യൻ പരിശീലകരായി ഖാലിദ് ജമീൽ, സന്തോഷ് കശ്യപ്, സാൻജോയ് സെൻ എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്
ആ നീണ്ട പട്ടികയിൽ സ്‌പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസുമുണ്ടായിരുന്നു എന്നതാണ് പുതിയ വിവരം. ഇന്ത്യൻ ഫുട്ബോൾ വിദഗ്‌ധനായ മർക്കസ് മെഗല്ലോയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ സാവിയുടെ പ്രതിഫലം ഇന്ത്യൻ ഫുട്ബോളിന് താങ്ങാനാകില്ലയെന്ന് ചൂണ്ടിക്കാട്ടി അവസാന പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
ഇത്രയും നാൾ വിദേശ പരിശീലകരായിരുന്നു ഇന്ത്യൻ ടീമിൻ്റെ ചുമതലയിൽ ഇനി ഇന്ത്യൻ പരിശീലകർക്ക് അവസരം നൽകാമെന്നാണ് ടെക്നിക്കൽ കമ്മിറ്റിയുടെ അഭിപ്രായം. പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം