മുംബൈ- കാർ റിവേഴ്സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരിച്ചു. മഹാരാഷ്ട്രയിലെ സുലിഭഞ്ജനിലെ ദത്താത്രേയ ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. ഡ്രൈവിംഗ് പഠിച്ചുവരികയായിരുന്ന ശ്വേത ദീപക് സുർവാസെ(23)യാണ് മരിച്ചത്. ഡ്രൈവിംഗ് പഠിക്കുന്നത് വീഡിയോയിൽ പകർത്തുകയായിരുന്ന യുവതിയുടെ സുഹൃത്താണ് സംഭവം ക്യാമറയിൽ പകർത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ഔറംഗബാദിൽ നിന്ന് സുലിഭഞ്ജൻ കുന്നുകളിലേക്ക് പോയതായിരുന്നു രണ്ട് സുഹൃത്തുക്കളും.
ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടമുണ്ടായത്. യുവതി കാറിൽ കയറി സാവധാനം പിറകോട്ട് എടുക്കുകയായിരുന്നു. ഇതിനിടെ, കാറിന്റെ വേഗത കൂടുകയും കുന്നിന് മുകളിൽനിന്ന് കാർ താഴേക്ക് പതിക്കുകയുമായിരുന്നു. കാറിന് വേഗത കൂടുന്നതിനിടെ പുറത്തുനിന്നുള്ള സുഹൃത്ത് ക്ലച്ച്, ക്ലച്ച് എന്നുറക്കെ പറയുന്നതും വീഡിയോയിൽ കേൾക്കാം. കാർ തവിടുപൊടിയായി.
300 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് കാർ മലയിടുക്കിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സുലിഭൻഹാൻ കുന്നുകളിൽ മഴക്കാലത്തെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്.