ഹൈദരാബാദ്: സഹപാഠിയായിരുന്ന യുവസുഹൃത്തിനൊപ്പം ജീവിക്കാൻ തൈരിൽ വിഷം കലർത്തി മൂന്ന് മക്കളെ കൊന്ന് അധ്യാപികയായ അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലെ രജിത എന്ന 38-കാരിയാണ് ഈ കൊടുംപാതകം ചെയ്തത്. മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് രജിത കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം യുവതിയും വിഷം കഴിക്കുകയായിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും യുവതിയുടെയും കാമുകന്റെയും പേരിൽ കേസെടുത്തതായും പോലീസ് പറഞ്ഞു.
കുടുംബജീവിതത്തിൽ യുവതി സന്തോഷവതിയായിരുന്നില്ലെന്നാണ് വിവരം. അതിനിടെയാണ് ഈയിടെ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ പഴയ സുഹൃത്തുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത്. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അനുമാനം. ആർക്കും സംശയം തോന്നാതിരിക്കാനാണ് യുവതിയും വിഷം കഴിച്ചതെന്ന് കരുതുന്നതായി പോലീസ് പ്രതികരിച്ചു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭർത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് ആദ്യം കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ഭർത്താവ് ഉടനെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് വിഷാംശം കണ്ടെത്തിയത്. കേസിന്റെ തുടക്കത്തിൽ ഭർത്താവ് ചെന്നയ്യയെ സംശയിച്ചുവെങ്കിലും വിശദമായ അന്വേഷണത്തിൽ പ്രതി രജിതയാണെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.