പട്‌ന: ബിഹാറിലെ ഗയ ജില്ലയില്‍ ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റിന്റെ ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ 26 വയസ്സുകാരിയെ ആംബുലന്‍സില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ബോധ് ഗയയിലെ ബിഹാര്‍ മിലിട്ടറി പൊലീസ് (ബി.എം.പി.) ഗ്രൗണ്ടില്‍ ജൂലൈ 24ന് നടന്ന റിക്രൂട്ട്മെന്റ് പരിശീലനത്തിനിടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.
ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെ യുവതി ബോധരഹിതയായി വീണതിനെ തുടര്‍ന്ന്, സംഘാടകര്‍ സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ അവരെ അനുഗ്രഹ് നാരായണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, അബോധാവസ്ഥയിലായിരുന്ന യുവതിയെ ആംബുലന്‍സിനുള്ളില്‍ മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു. ബോധം വീണ്ടെടുത്ത ശേഷം, ആശുപത്രി അധികൃതര്‍ക്കും പൊലീസിനും യുവതി സംഭവം വെളിപ്പെടുത്തി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, ഗയ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 70(1) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാര്‍, ടെക്‌നീഷ്യന്‍ അജിത് കുമാര്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം രണ്ട് മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളും ഫോറന്‍സിക് തെളിവുകളും ഉപയോഗിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ”വേഗത്തിലുള്ള അന്വേഷണത്തിന് ശേഷം ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കും. കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കും,” ഗയ സിറ്റി എസ്.പി. രമനന്ദ് കുമാര്‍ കൗശാല്‍ പറഞ്ഞു.