ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി സഖ്യ കക്ഷികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും (എഎപി) നേര്‍ക്കുനേര്‍ മത്സരിക്കുന്ന പശ്ചാതലത്തില്‍ മുന്നണിയുടെ ഭാവി സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രം രൂപീകരിച്ചതായിരുന്നു ഇന്ത്യാ മുന്നണി എന്നും കോണ്‍ഗ്രസും എഎപിയും നേരിട്ട് എറ്റുമുട്ടുന്നതില്‍ അസ്വാഭാവികത ഇല്ലെന്നും കഴിഞ്ഞ ദിവസം ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞിരുന്നു.
മറ്റൊരു സഖ്യകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ ഇതിനോടുള്ള പ്രതികരണമാണിപ്പോള്‍ കൂടുതല്‍ ആശയക്കുഴപ്പത്തിനിടയാക്കിയിരിക്കുന്നത്. തനിക്ക് അറിയാവുന്നിടത്തോളം ഇന്ത്യാ മുന്നണിക്ക് ഒരു കാലാവധിയൊന്നും നിശ്ചയിട്ടില്ല എന്നാണ് ഉമര്‍ അബ്ദുല്ല പ്രതികരിച്ചത്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യാ മുന്നണി യോഗങ്ങളൊന്നും പിന്നീട് നടന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ നേതൃത്വത്തെ കുറിച്ചും അജണ്ടയെ കുറിച്ചും സഖ്യത്തിന്റെ നിലനില്‍പ്പിനെ കുറിച്ചു പോലും വ്യക്തതയില്ല എന്നും ഉമര്‍ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമായിരുന്നു ഈ സഖ്യമെങ്കില്‍ അവര്‍ അത് പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തേജസ്വിയുടെ പ്രസ്താവനയെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഉമറിന്റെ മറുപടി. ഡല്‍ഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. അവിടെ മത്സരിക്കുന്ന പാര്‍ട്ടികള്‍ കോണ്‍ഗ്രസും എഎപിയുമാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ കാര്യക്ഷമമായി എന്തു ചെയ്യാന്‍ കഴിയുമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എഎപിയാണ് വിജയിച്ചത്. ഇത്തവണ ആര് ജയിക്കുമെന്നറിയാന്‍ കാത്തിരിക്കാം- അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ നിലനില്‍പ്പിന് കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്ന് കഴിഞ്ഞ മാസവും ഉമര്‍ അബ്ദുല്ല പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ആണ് അവസാനമായി മുന്നണി യോഗം ചേര്‍ന്നത്. പിന്നീട് അനൗപചാരികമായി പോലും ഒരു പ്രവര്‍ത്തനവും മുന്നണിക്കു വേണ്ടി നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.