ബെംഗളൂരു– കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ ഗൗരവമായ ആലോചന തുടങ്ങുന്നു. ബെംഗളൂരുവിൽ നടന്ന സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ (വിസി) സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ വിഷയം ചർച്ചയ്ക്കിട്ടത്. മൊബൈൽ ആസക്തി, ഓൺലൈൻ ഗെയിമിംഗ്, സോഷ്യൽ മീഡിയ എന്നിവ കുട്ടികളുടെ പഠനത്തെയും ശാരീരിക-മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതിലുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു.
വിഷയത്തിൽ വിസിമാരുടെ അഭിപ്രായം തേടിയ മുഖ്യമന്ത്രി, ഓസ്‌ട്രേലിയയിൽ കുട്ടികൾക്കായി നടപ്പിലാക്കിയ സോഷ്യൽ മീഡിയ നിരോധനവും യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ വിസിമാർക്കിടയിൽ ഈ വിഷയത്തിൽ ഭിന്നാഭിപ്രായമാണ് ഉയർന്നത്. ഫോണുകൾ പൂർണ്ണമായി നിരോധിക്കുന്നതിന് പകരം പ്രത്യേക വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പ്രായോഗികമെന്ന് ചിലർ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്തിന് ശേഷം ഹോംവർക്കുകൾക്കും മറ്റുമായി മൊബൈൽ ഫോണുകൾ അമിതമായി ഉപയോഗിക്കുന്ന ശീലം സ്കൂളുകളിൽ വർദ്ധിച്ചതായും ചർച്ചയിൽ ഉയർന്നു വന്നു.
നിർമ്മിത ബുദ്ധിയുടെയും (AI) സാമൂഹിക മാധ്യമങ്ങളുടെയും ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം കുട്ടികളിൽ ഉറപ്പാക്കാൻ സർക്കാർ നടപടികൾ ആലോചിക്കുന്നുണ്ടെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി വിദ്ഗ്ധരുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.



