ചെന്നൈ: ഭർത്താവിന് തൊഴിലാവശ്യാർഥം മറ്റൊരു നഗരത്തിലേക്ക് മാറേണ്ടി വരുമ്പോഴെല്ലാം ഭാര്യ ഒപ്പം ഉണ്ടാകണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ദാമ്പത്യ തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ വോഡഫോണിന്റെ പ്രശസ്തമായ പരസ്യത്തിലെ പഗ്ഗ് ഇനത്തിൽപ്പെട്ട നായയുടെ ചിത്രം പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധിന്യായം. 16 വർഷമായി വേർപിരിഞ്ഞു കഴിയുന്ന ദമ്പതികളുടെ കേസിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
1992 സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. 67 വയസ്സുകാരനായ ഭർത്താവ് ശിവഗംഗയിൽ നിന്ന് ഭാര്യയെ കൂടെക്കൂട്ടാതെ ജോലി ആവശ്യത്തിനായി മുംബൈയിലേക്ക് പോയതോടെയാണ് പ്രശ്നങ്ങൾ തുടരുന്നത്. തുടർന്ന് ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് നൽകിയ വിവാഹമോചന ഹർജി ശിവഗംഗ കുടുംബകോടതി തള്ളുകയായിരുന്നു. പോകുന്നിടത്തെല്ലാം ഭാര്യയെ കൂടെക്കൂട്ടാൻ ഭർത്താവിന് ഉത്തരവാദിത്തമുണ്ടെന്നും ലൈംഗിക ആഗ്രഹങ്ങളെ അടക്കിവെക്കുന്നത് പ്രായോഗികമല്ലെന്നുമായിരുന്നു കുടുംബകോടതിയുടെ വിധിന്യായം.
എന്നാൽ ഈ നിഗമനം ഹൈക്കോടതി പൂർണ്ണമായും തള്ളി. തൊഴിൽപരമായ സാഹചര്യങ്ങൾ കാരണം എല്ലാ ഘട്ടത്തിലും ഒന്നിച്ചു താമസിക്കാൻ സാധിച്ചെന്നുവരില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, പ്രായോഗികമായ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി:
“ഭർത്താവ് ഒരു സൈനികനാണെങ്കിൽ ആർമി ബാരക്കുകളിൽ കുടുംബമായി താമസിക്കാൻ സാധിച്ചെന്നു വരില്ല. ഭാര്യയ്ക്കും സ്വന്തമായി ജോലിയുണ്ടാകാം. വോഡഫോൺ പരസ്യത്തിലെ നായയെപ്പോലെ ഭർത്താവിന്റെ കൂടെത്തന്നെ നടക്കാൻ ഭാര്യയോട് ആവശ്യപ്പെടാനാകില്ല. വിചാരണക്കോടതിയുടെ ഈ സമീപനത്തെ തീവ്ര ഫെമിനിസ്റ്റുകൾ പ്രശംസിച്ചേക്കാം, എന്നാൽ ഖേദത്തോടെ പറയട്ടെ, ഞങ്ങൾക്ക് അതിന് അംഗീകാരം നൽകാൻ കഴിയില്ല,” എന്ന് കോടതി വ്യക്തമാക്കി.
ഭാര്യയ്‌ക്കെതിരെയുള്ള അവിഹിതബന്ധ ആരോപണത്തിൽ ആരോപണവിധേയനായ വ്യക്തിയെ കേസിൽ കക്ഷിയാക്കാത്തതിനാൽ ഹൈക്കോടതി ആ ആരോപണം തള്ളി. എങ്കിലും, ദമ്പതികൾ ദീർഘകാലമായി വേർപിരിഞ്ഞു കഴിയുന്നതും ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കാത്തതും കണക്കിലെടുത്ത് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. നേരിട്ട് നടത്തിയ ഒത്തുതീർപ്പ് ചർച്ചകളും പരാജയപ്പെട്ടതോടെ ബന്ധം കൂട്ടിച്ചേർക്കാനാവാത്ത വിധം തകർന്നുപോയെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഭാര്യയ്ക്ക് ജീവനാംശമായി 7 ലക്ഷം രൂപ നൽകാനും ഭർത്താവിനോട് കോടതി നിർദേശിച്ചു.







