വെല്ലിംഗ്ടൺ– എയർ ന്യൂസിലാൻഡിന്റെ അടുത്ത സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ നിഖിൽ രവിശങ്കറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വംശീയ അധിക്ഷേപം. ഒക്ടോബറിൽ നിലവിലെ സിഇഒ ആയ ഗ്രെഗ് ഫോറൻ ഒഴിയുന്നതോടെയാണ് രവിശങ്കർ സിഇഒ ആയി ചുമതലയേൽക്കുക. ന്യൂസിലാൻഡിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ബ്രാൻഡുകളിൽ ഒന്നിന്റെ തലവനായി ചുമതലയേൽക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് അദ്ദേഹം.
നിഖിൽ രവിശങ്കറിന്റെ നിയമന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നിരവധി അധിക്ഷേപ കമന്റുകളാണ് ഉയർന്നുവന്നത്. പല പ്രമുഖ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയയിലെ അവരുടെ കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ടി വന്നു. മൗണ്ട് ആൽബർട്ട് ഗ്രാമറിൽ പഠിച്ച് ഓക്ക്‌ലാൻഡ് സർവകലാശാലയിൽ നിന്ന് സയൻസ്, കൊമേഴ്‌സ് എന്നിവയിൽ ബിരുദം നേടിയ വ്യക്തിയാണ് രവിശങ്കർ. വെക്ടർ ന്യൂസിലാൻഡ്, സ്പാർക്ക്, ആക്‌സെഞ്ചർ എന്നിവിടങ്ങളിൽ വലിയ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം 2019 മുതൽ എയർ ന്യൂസിലാൻഡിന്റെ ഡിജിറ്റൽ മേഖലയിലെ മാറ്റത്തിന് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ന്യൂസിലൻഡ് ഏഷ്യൻ ലീഡേഴ്‌സിന്റെ ബോർഡ് അംഗവും ഓക്ക്‌ലാൻഡ് ബ്ലൂസ് ഫൗണ്ടേഷന്റെ ഉപദേഷ്ടാവുമാണ് അദ്ദേഹം.
നിഖിൽ രവിശങ്കറിനെതിരായ വംശീയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ മുൻ സഹപ്രവർത്തകയായ ലിയാൻ ലാംഗ്രിഡ്ജ് മുന്നോട്ട് വന്നു. അതേസമയം, 2022 ൽ ന്യൂസിലൻഡുകാരനായ കാംബെൽ വിൽസൺ എയർ ഇന്ത്യയുടെ സിഇഒ ആയി നിയമിതനായിരുന്നു.