ന്യൂദല്‍ഹി. മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹിയിലെ വിദ്യാഭ്യാസ, സാംസ്‌കാരിക, പെതുമരാമത്ത്, ടൂറിസം മന്ത്രിയുമായ അതിഷി സിങ് മുഖ്യന്ത്രിയായി അധികാരമേല്‍ക്കാനിരിക്കുകയാണ്. മദ്യനയ കേസില്‍ സുപ്രീം കോടതിയില്‍ ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിനു പിന്നാലെയാണ് പാര്‍ട്ടിയുടെ നെടുംതൂണുകളില്‍ ഒരാളായ അതിഷിയെ പാര്‍ട്ടി മുഖ്യമന്ത്രി പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. 2013 മുതല്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പമുള്ള അതിഷി വിദ്യഭ്യാസ യോഗ്യതകള്‍ കൊണ്ടും നേതൃപാടവം കൊണ്ടും രാഷ്ട്രീയ പോരാട്ട വീര്യം കൊണ്ടും വേറിട്ടു നില്‍ക്കുന്ന വനിതാ നേതാവാണ്. തുടക്കം മുതല്‍ പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള അതിഷി 2015ല്‍ മുന്‍ ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ഉപദേശക പദവി വെറും ഒരു രൂപ ശമ്പളത്തിന് ഏറ്റെടുത്താണ് ഭരണനിര്‍വഹണത്തില്‍ സജീവമായത്. ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരവും പഠന ഗുണനിലവാരവും അന്തരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കും വിധം വിപ്ലവകരമായി മാറ്റിയതിനു പിന്നില്‍ ഈ ഓക്‌സ്‌ഫെഡ് ബിരുദധാരിയുടെ പങ്ക് നിര്‍ണായകമായിരുന്നു.
ദല്‍ഹി സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരായിരുന്ന വിജയ കുമാര്‍ സിങിന്റേയും തൃപ്ത വാഹിയുടേയും മകളായി 1981 ജൂണ്‍ എട്ടിനാണ് അതിഷിയുടെ ജനനം. ഇടതുപക്ഷക്കാരായിരുന്ന മാതാപിതാക്കള്‍ നല്‍കിയ പേരാണ് അതിഷി മാര്‍ലെന. കമ്മ്യൂണിസ്റ്റ് നേതാക്കളായ കാള്‍ മാര്‍ക്‌സിന്റെ പേരിലെ മാര്‍, വ്‌ളാദ്മിര്‍ ലെനിന്റെ പേരിലെ ലെന എന്നിവ ചേര്‍ത്താണ് മാര്‍ലെന എന്നു പേരു നല്‍കിയത്.
ദല്‍ഹിയിലെ പ്രശസ്തമായ സ്പ്രിങ്‌ഡെയില്‍ സ്‌കൂളിലും ദല്‍ഹി യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളെജിലുമായിരുന്നു പഠനം. ശേഷം ഷെവനിങ് സ്‌കോളര്‍ഷിപ്പോടെ ബ്രിട്ടനിലെ ഓക്‌സ്‌ഫെഡ് സര്‍വകലാശാലയില്‍ ബിരുദാനന്തര പഠനം. പിന്നീട് റോഡ്‌സ് സ്‌കോളറായി വിദ്യാഭ്യാസ ഗവേഷണത്തില്‍ 2005ല്‍ രണ്ടാമതൊരു ബിരുദാനന്തര ബിരുദം കൂടി അതിഷി ഓക്‌സ്‌ഫെഡില്‍ നിന്ന് സ്വന്തമാക്കി.
ദല്‍ഹി ഐഐടി, അഹമദാബാദ് ഐഐഎം എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടിയ പ്രവീണ്‍ സിങ് ആണ് അതിഷിയുടെ ഭര്‍ത്താവ്. ഇരുവരും ജൈവകൃഷിയിലും സജീവമായിരുന്നു. രാഷ്ട്രീയ രംഗത്തിറങ്ങുന്നതിനു മുമ്പ് ആന്ധ്ര പ്രദേശിലെ റിഷി വാലി സ്‌കൂളില്‍ ചരിത്രം, ഇംഗ്ലീഷ് അധ്യാപികയായിരുന്നു അതിഷി.
രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറിയതോടെയാണ് 2018ല്‍ മെര്‍ലെനയെ അതിഷിക്ക് ഉപേക്ഷിക്കേണ്ടി വന്നത്. സ്വയം ഉപേക്ഷിച്ചതാണെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങളുടേയും പാര്‍ട്ടിയുടേയും സമ്മര്‍ദ്ദം ഈ പേര് ഉപേക്ഷിക്കുന്നതിനു പിന്നിലുണ്ടെന്ന വിലയിരുത്തലുകള്‍ നേരത്തെ വന്നതാണ്.
മെര്‍ലെന എന്നു പേര് ചൂണ്ടിക്കാട്ടി 2019 തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അതിഷി ക്രിസ്ത്യാനിയാണെന്ന വ്യാജപ്രചാരണം നടത്തിയിരുന്നു. ഈ ക്രിസ്ത്യന്‍ പേരുപയോഗിച്ച് അതിഷി വോട്ടര്‍മാരെ ധ്രുവീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി ആരോപണം ഉന്നയിച്ചു. ഈ ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മെര്‍ലെന എന്ന പേര് ഉപേക്ഷിക്കാന്‍ അതിഷിയെ ആം ആദ്മി പാര്‍ട്ടി നിര്‍ബന്ധിച്ചുവെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഏതായും അവര്‍ പാര്‍ട്ടി രേഖകളില്‍ നിന്നും തിരഞ്ഞെടുപ്പു പ്രചരണങ്ങളിലും തന്റെ പേരിലെ മാര്‍ലെനയെ അതിഷി പൂര്‍ണമായും ഒഴിവാക്കി. തിരഞ്ഞെടുപ്പില്‍ ഇതൊന്നും ഗുണം ചെയ്തില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് ദല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ ഗൗതം ഗംഭീറിനോട് പരാജയപ്പെട്ടു. 2020ല്‍ നടന്ന ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജിയില്‍ ബിജെപിയുടെ ധരംബീര്‍ സിങിനെ പരാജയപ്പെടുത്തി അതിഷി നിയമസഭയിലെത്തി. പിന്നീട് മനീഷ് സിസോദിയയും സത്യേന്ദര്‍ ജയിനും മന്ത്രിസഭയില്‍ നിന്ന് പുറത്തായതോടെയാണ് അതിഷി മന്ത്രിസഭയിലെത്തിയത്. ഏറ്റവുമൊടുവില്‍ കേജ്രിവാള്‍ കൂടി ജയിലിലായതോടെ ആം ആദ്മിയുടെ സമരങ്ങളില്‍ പോരാട്ട വീര്യവുമായി അതിഷി സജീവമായി മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.