ന്യൂഡൽഹി – രാജ്യത്ത് ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ, മൂന്ന് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ശ്രീശന്‍ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ്, റെഡ്‌നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രഷ് ടിആർ, ഷേപ്പ് ഫാർമയുടെ റീലൈഫ് എന്നിവയെക്കുറിച്ചാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ ഉപയോഗം ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കിയേക്കുമെന്നും ജീവഹാനിക്ക് വരെ കാരണമാകുമെന്നും സംഘടന മുന്നറിയിപ്പിൽ പറയുന്നു.
ഈ ഉൽപ്പന്നങ്ങൾ രാജ്യത്ത് കണ്ടെത്തിയാൽ ഉടൻ ലോകാരോഗ്യ സംഘടനയെ അറിയിക്കണമെന്ന് ലോകമെമ്പാടുമുള്ള ദേശീയ നിയന്ത്രണ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധം മൂലം ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉൽപാദന ലൈസൻസ് അടുത്തിടെ റദ്ദാക്കിയിരുന്നു. കോൾഡ്രിഫ്, സിറപ്പിൽ രാസവസ്തുവായ ഡൈഎഥിലീൻ ഗ്ലൈക്കോൾ (ഡിഇജി) ഉപയോഗിച്ചതായി ലാബ് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ ജീവൻ കവർന്നത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ കോൾഡ്രിഫ് എന്ന ചുമമരുന്നാണ്.
അനുവദനീയമായ അളവിനേക്കാൾ ഏകദേശം 500 മടങ്ങിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഈ ചുമ മരുന്നിൽ അടങ്ങിയിരുന്നുവെന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പുറത്തുവിട്ടത്. ഡബ്ല്യുഎച്ച്ഒ നേരത്തേ ഇന്ത്യയിൽ നിന്ന് ഈ മരുന്നുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. നിലവിൽ, ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്തിട്ടില്ലെന്നതാണ് സ്ഥിരീകരിച്ചത്.