ന്യൂ ഡൽഹി– തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേര് നീക്കം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ബിഹാറിൽ 65 ലക്ഷം വോട്ടുകൾ “അദാനിക്കും അംബാനിക്കും” വേണ്ടി വെട്ടിനീക്കിയെന്നും, വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെയോ മോദിയെയോ താൻ ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി രൂക്ഷമായി പ്രഖ്യാപിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിരുന്നു. “വോട്ട് മോഷണം” എന്ന ആക്ഷേപം ഭരണഘടനയെ അപമാനിക്കുന്നതാണെന്നും, തെളിവ് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം നൽകുന്നില്ലെന്നും കമ്മീഷൻ വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ, ചിലർ വോട്ടർമാരെ ഭയപ്പെടുത്താൻ “കമ്മീഷന്റെ കഴുത്തിൽ തോക്ക് ചൂണ്ടുന്നു” എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആരോപിച്ചു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കെതിരെ ഒരു കോടതിക്കും കേസെടുക്കാൻ കഴിയാത്തവിധം ബി.ജെ.പി. നിയമം മാറ്റിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ കമ്മീഷന് അനുവാദം നൽകുന്ന നിയമം ആർക്കുവേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു.
കർണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിക്കാൻ ആറ് മാസമെടുത്തിട്ടും മെഷീൻ റീഡബിൾ പട്ടിക നൽകണമെന്ന ആവശ്യം കമ്മീഷൻ അവഗണിച്ചുവെന്നും രാഹുൽ ആരോപിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്റെ ചോദ്യങ്ങൾക്ക് കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. “എന്ത് സംഭവിച്ചാലും, ഈ പോരാട്ടത്തിൽ നിന്ന് ഒരടി പിന്നോട്ട് പോകില്ല,” എന്ന് രാഹുൽ ഗാന്ധി പ്രതിജ്ഞയെടുത്തു.