ചെന്നൈ ∙ കരൂരിനെ ദുരന്തഭൂമിയാക്കിയ റാലിയിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ അധ്യക്ഷയായ കമ്മിഷനാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുക.
നാളെ പുലർച്ചെ മുഖ്യമന്ത്രി സ്റ്റാലിൻ കരൂരിലെത്തും. വിമാനമാർഗം സേലത്ത് എത്തിയ ശേഷം കാർ മാർഗമാണ് അദ്ദേഹം കരൂരിലേക്ക് പോകുക. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരുക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു.


നടൻ വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഎം തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. ഇതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തെ ഇന്ന് രാത്രി അല്ലെങ്കിൽ നാളെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാൻ വിജയ് ഇതുവരെ തയ്യാറായിട്ടില്ല.
വിജയ്‌ക്കെതിരെ കേസെടുക്കുമെന്നാണ് ഒടുവിലത്തെ വിവരം. 10,000 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകിയ റാലിക്ക് 50,000 പേർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രൗണ്ടാണ് സജ്ജീകരിച്ചിരുന്നത്. എന്നാൽ, ഏകദേശം രണ്ട് ലക്ഷം പേർ റാലിക്കെത്തിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.


ഇന്ന് ഉച്ചയോടെ വിജയ് കരൂരിലെത്തുമെന്ന് തമിഴക വെട്രി കഴകം പ്രവർത്തകർക്ക് പാർട്ടി നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ, ആറ് മണിക്കൂർ വൈകി രാത്രിയോടെയാണ് അദ്ദേഹം എത്തിയത്. അപ്പോഴേക്കും കനത്ത ചൂടിലും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലും പലരും കുഴഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. വിജയ് എത്തിയപ്പോൾ, അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിനടുത്തേക്ക് എത്താൻ ശ്രമിച്ചവർക്കിടയിൽ തിക്കും തിരക്കും ഉണ്ടായി. ഇതിനിടെ പലരും കാൽതെറ്റി വീഴുകയും പരുക്കേൽക്കുകയും ചെയ്തു.