മധുര – വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് എതിരെയുള്ള പ്രധാന ശക്തിയായിരിക്കും തങ്ങൾ എന്ന് പ്രഖ്യാപിച്ച് ടിവികെ നേതാവും നടനുമായ വിജയ്. മധുരയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെയെയും ബിജെപിയെയും വിമർശിച്ചുകൊണ്ടായിരുന്നു വിജയിയുടെ പ്രസംഗം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഉന്നം വെച്ച് സ്ത്രീസുരക്ഷയിലെ വീഴ്ചയെയും സ്ത്രീകള്‍ക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളും വിജയ് ചൂണ്ടിക്കാട്ടി. സ്റ്റാലിനെ അമ്മാവൻ എന്ന് വിളിച്ചുകൊണ്ടാണ് വിജയ് സംസാരിച്ചത്. പ്രിയപ്പെട്ട അമ്മാവാ, നിങ്ങള്‍ ചെയ്യുന്നത് വളരെ വലിയ തെറ്റാണ്. എല്ലാ തരത്തിലും നിങ്ങളുടെ ഭരണം പരാജയമാണ് – വിജയ് പറഞ്ഞു.
നരേന്ദ്ര മോദിയെയും വിജയ് കുറ്റപ്പെടുത്തി. മോദി അധികാരത്തിൽ വന്നത് ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കാനാണോ, അതോ മുസ്ലിം വിഭാഗത്തെ വേട്ടയാടാനാണോ എന്ന് വിജയ് ചോദ്യം ഉന്നയിച്ചു. താരപദവി ഉപയോഗിച്ച് വന്നതല്ല താനെന്നും കഴിഞ്ഞ 30 വർഷംകൊണ്ട് എന്നെ ഞാനാക്കി മാറ്റിയ ജനങ്ങളെ സേവിക്കാനുള്ള മാർഗമായാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും വിജയ് പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷക്കും ടിവികെ മുൻഗണന നൽകുമെന്നും, 1967 ലും 1977 ലും ഡിഎംകെയും എഐഎഡിഎംകെയും അധികാരത്തിലെത്തിയതുപോലെ 2026-ലെ തെരഞ്ഞടുപ്പില്‍ ടിവികെ അധികാരത്തിലെത്തുമെന്നും വിജയ് കൂട്ടിച്ചേർത്തു.