ന്യൂഡൽഹി– മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും. ചരിത്രത്തിലാദ്യമായാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. തന്റെ തുടർച്ചയായ ഒൻപതാമത് ബജറ്റ് അവതരണത്തിലൂടെ പി. ചിദംബരത്തിനൊപ്പമെത്തുന്ന നിർമല സീതാരാമൻ, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചവരിൽ രണ്ടാം സ്ഥാനത്താവുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര ഗ്രാന്റുകളിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ലഭിച്ച 7,208 കോടി രൂപയിൽ നിന്നും ഇത്തവണ വിഹിതം 26,499 കോടി രൂപയായി ഉയരുമെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ. എയിംസ് (AIIMS), അതിവേഗ റെയിൽ പദ്ധതികൾ, ശബരി പാത, വിവിധ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തികൾ എന്നിവയ്ക്കായുള്ള പ്രഖ്യാപനങ്ങളും കേരളം ഉറ്റുനോക്കുന്നു. 15-ാം ധനകാര്യ കമ്മിഷന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, വരും വർഷങ്ങളിൽ 16-ാം കമ്മിഷന്റെ ശുപാർശകൾ പ്രകാരമായിരിക്കും കേരളത്തിനുള്ള വിഹിതം നിശ്ചയിക്കുക. ബജറ്റ് വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



