ന്യൂഡൽഹി– പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ‘വോട്ട് ചോരി’ മാർച്ച് നടത്തവേ, ലോക്സഭയിൽ രണ്ട് പ്രധാന ബില്ലുകൾ പാസാക്കി. പുതിയ ആദായനികുതി ബില്ലും കായിക ഭരണ ബില്ലുമാണ് പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സഭ അംഗീകരിച്ചത്.
ധനമന്ത്രി നിർമല സീതാരാമൻ പുതിയ ആദായനികുതി ബില്ലും കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ കായിക ഭരണ ബില്ലും അവതരിപ്പിച്ചു. ഈ വർഷം ആദ്യം അവതരിപ്പിച്ച ആദായനികുതി ബില്ല് പിൻവലിച്ച ശേഷം, സെലക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ അവതരിപ്പിച്ചത്.രാജ്യത്തെ എല്ലാ കായിക അതോറിറ്റികളെയും ഒറ്റ കുടക്കീഴിൽ ഏകോപിപ്പിക്കുന്ന സുപ്രധാനമായ കായിക ഭരണ ബില്ലും പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ചർച്ച കൂടാതെ പാസാക്കപ്പെട്ടു.
പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ചർച്ച കൂടാതെ ബില്ലുകൾ പാസാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിഷേധ മാർച്ചിനിടെ അറസ്റ്റിലായ എംപിമാർ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ സഭയിൽ തിരിച്ചെത്തിയെങ്കിലും, പ്രതിപക്ഷത്തിന്റെ പ്രതിഷേധം മൂലം സഭ ഇന്നത്തേക്ക് പിരിഞ്ഞു.