ലഖ്നൗ- ഉത്തർപ്രദേശിലെ കാൺപൂരിൽ മുടി വെച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ രണ്ട് എഞ്ചിനീയർമാർ മരിച്ചു. വിനിത് കുമാർ ദുബെ, പ്രമോദ് കത്യാർ എന്നിവരാണ് മരിച്ചത്. മുടി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ദന്തഡോക്ടർ അനുഷ്ക തിവാരിയെ കോടതി റിമാന്റ് ചെയ്തു. വിനിത് കുമാറിന്റെ ശസ്ത്രക്രിയ മാർച്ച് 13നാണ് നടന്നത്. മാർച്ച് 15ന് അദ്ദേഹം മരിക്കുകയും ചെയ്തു. ദുബെയുടെ ഭാര്യ ജയ ത്രിപാഠി മെയ് 9 ന് പോലീസിൽ പരാതി നൽകി. പരാതി നൽകിയെങ്കിലും പോലീസ് ആദ്യം ഗൗരവത്തോടെ പരിഗണിച്ചില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും ത്രിപാഠി പറഞ്ഞു.
“അനുഷ്ക തിവാരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും അനധികൃതമായാണ് ഇവർ ശസ്ത്രക്രിയ നടത്തിയതെന്നും പോലീസ് പറഞ്ഞു. ഭർത്താവിന്റെ മുഖം വീർത്തതായി ഇവർ മാർച്ച് 14ന് തന്റെ ഡോക്ടറോട് പരാതിപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ല. അന്ന് രാത്രി വീണ്ടും ഡോക്ടറെ വിളിച്ചു. ഒരു പരിശോധനയും നടത്താതെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർ സമ്മതിക്കുന്നതിന്റെ കോൾ റെക്കോർഡും ഇവരുടെ കൈവശമുണ്ട്. വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അടുത്ത ദിവസം അദ്ദേഹം മരിച്ചു.