കൊൽക്കത്ത- പശ്ചിമ ബംഗാളിൽ പൊതുശൗചാലയത്തിന്റെ ചുമരിൽ പാക്കിസ്ഥാൻ പതാക സ്ഥാപിച്ച ഹിന്ദുത്വ സംഘടനയുടെ രണ്ടു പേർ അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ റെയിൽവേ സ്റ്റേഷന് സമീപം പൊതു ശൗചാലയത്തിന്റെ ചുമരിൽ പാകിസ്ഥാൻ ദേശീയ പതാക സ്ഥാപിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലാണ് ഹിന്ദുത്വ സംഘടനയായ സനാതനി ഏകതാ മഞ്ചിലെ അംഗങ്ങളായ രണ്ട് പേരെ ബോൺഗാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോപാൽ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അകൈപൂർ സ്റ്റേഷന് സമീപം ബുധനാഴ്ച വൈകിട്ടാണ് പതാക കണ്ടെത്തിയത്.
പ്രദേശവാസികളും സനാതനി ഏകതാ മഞ്ചിന്റെയും സജീവ അംഗങ്ങളും ആയ ചന്ദൻ മലകർ (30), പ്രോഗ്യാജിത് മൊണ്ടൽ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ചുവരിൽ ‘ഹിന്ദുസ്ഥാൻ മുർദാബാദ്’, ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്നിവ എഴുതാൻ പദ്ധതിയിട്ടിരുന്നതായും ബോൺഗാവ് പോലീസ് വെളിപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
“വർഗീയ കലാപം സൃഷ്ടിക്കാൻ ഇത്തരം ഗൂഢാലോചനകൾ നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും,” പോലീസ് കൂട്ടിച്ചേർത്തു. “ബിജെപിയും സംഘപരിവാറും വർഗീയ കലാപങ്ങൾ സൃഷ്ടിക്കാൻ ഗൂഢാലോചനകൾ നടത്തുന്നത് ഇങ്ങനെയാണ്. ഒരു ഭീകരാക്രമണത്തിൽ 26 നിരപരാധികളായ ഇന്ത്യക്കാരുടെ മരണത്തെ ലജ്ജയില്ലാത്ത ബിജെപിയും ആർഎസ്എസും രാജ്യത്തിനുള്ളിൽ തീയിടാൻ ഉപയോഗിക്കുന്നു” എന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ പറഞ്ഞു.
“ഭാരതീയ ജുംല പാർട്ടി” യാണ് ബി.ജെ.പി എന്ന് ടിഎംസി എംപി സാഗരിക ഘോഷ് പറഞ്ഞു, “ചന്ദൻ, പ്രോഗ്യാജിത് എന്നീ പേരുകളുള്ള വ്യക്തികൾ പാകിസ്ഥാൻ പതാകകൾ സ്ഥാപിച്ചു, പിടിക്കപ്പെട്ടപ്പോൾ ബംഗാളിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നതായി അവർ സമ്മതിച്ചു. ബംഗാളിൽ സജീവമായ കാവി ഗുണ്ടകൾ വിജയിക്കില്ല- സാഗരിക ഘോഷ് പറഞ്ഞു.