പൂഞ്ച് (ഇന്ത്യ) – ഇന്ത്യൻ അധീനതയിലുള്ള കശ്മീരിലെ പൂഞ്ച് പട്ടണത്തിൽനിന്ന് പലായനം ചെയ്യുന്നതിനിടെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 12 വയസ്സുള്ള ഇരട്ടകൾ കൊല്ലപ്പെട്ടതിന്റെ വേദനയിലും ഞെട്ടലിലും നാട്ടുകാർ. ആവർത്തിച്ചുള്ള ആക്രമണത്തിന് വിധേയരായ കുടുംബം പട്ടണം വിട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ബുധനാഴ്ച സിയാൻ ഖാനും സഹോദരി ഉർവ ഫാത്തിമയും പീരങ്കി ഷെല്ലിന് ഇരയായി മരണം വരിച്ചത്. പാക്കിസ്ഥാന്റെ ആക്രമണം രൂക്ഷമായതോടെ വീട്ടിൽനിന്ന് പലായനം ചെയ്യാനിരിക്കെയാണ് ഷെല്ലാക്രമണം നടന്നത്. കുടുംബം തിടുക്കത്തിൽ വീട്ടിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ, മറന്നുവെച്ച സാധനം എടുക്കാനായി കുട്ടികളുടെ അമ്മ ഉറുസ ഖാൻ വീട്ടിലേക്ക് തന്നെ തിരിച്ചുകയറിയ സമയത്താണ് ഷെല്ലാക്രമണം നടന്നത്. ആ നിമിഷം തന്നെ അവരുടെ വീടിന് പുറത്തുള്ള ഇടുങ്ങിയ പാതയിൽ ഷെൽ പൊട്ടിത്തെറിച്ചു. ഉർവ തൽക്ഷണം മരിച്ചു.
അവളുടെ സഹോദരൻ പിന്നീട് ആശുപത്രിയിലും മരിച്ചു. കുട്ടികളുടെ മരണവാർത്ത ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമായിരുന്നുവെന്ന് ചക്ത്രു ഗ്രാമത്തിലെ കുടുംബ സുഹൃത്തും മുൻ അയൽക്കാരനുമായ ഫിയാസ് ദിവാൻ (30) പറഞ്ഞു. ഹിന്ദുക്കളും സിഖുകാരും മുസ്ലീങ്ങളും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്ന ഇടമാണ് പൂഞ്ച്. ഇത് ഇല്ലാതാക്കാനാണ് ശ്രമമെന്നും നാട്ടുകാർ ആരോപിച്ചു. കുട്ടികളുടെ അമ്മ ഉറുസ ഖാൻ ചെറിയ പരിക്കുകളോടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. 46 വയസ്സുള്ള പിതാവ് റമീസ് ഖാൻ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ കുട്ടികൾ മരിച്ച വിവരം അദ്ദേഹം അദ്ദേഹം അറിഞ്ഞില്ല.
“ഞങ്ങളുടെ ജീവിതകാലത്ത് ഞങ്ങളുടെ പട്ടണത്തെയോ സിവിലിയൻ പ്രദേശങ്ങളെയോ നേരിട്ട് ലക്ഷ്യം വെച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്ന് മരിച്ച ഇരട്ടകളുടെ ബന്ധുവായ സർഫറാസ് മിർ (40) എഎഫ്‌പിയോട് പറഞ്ഞു. ഇങ്ങിനെ സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സാധാരണക്കാരെയും പട്ടണത്തെയും പ്രത്യേകമായി ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിലെ രണ്ടാമത്തെ വലിയ നഗരമായ ജമ്മുവിൽ നിന്ന് ഏകദേശം 145 മൈൽ (230 കിലോമീറ്റർ) അകലെയാണ് പൂഞ്ച്. ഇവിടെ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം ശക്തമായതിനുശേഷം 12 പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 60,000 ആളുകൾ താമസിക്കുന്ന പൂഞ്ചിൽ ഇനി ഏകദേശം ആയിരം കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം അപ്രതീക്ഷിതമായ ഷെല്ലാക്രമണം ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷം, മിക്ക കുടുംബങ്ങളും കാറുകളിലും ബസുകളിലും കാൽനടയായും പലായനം ചെയ്തു.